SignIn
Kerala Kaumudi Online
Thursday, 19 September 2024 7.35 AM IST

യു.ഡി.എഫിന്റെ എക്കാലത്തെയും സ്വന്തം കൺവീനർ

Increase Font Size Decrease Font Size Print Page
sankara

 പ്രതിസന്ധിഘട്ടത്തിൽ ഒരു രാഷ്ട്രീയമുന്നണി സംവിധാനത്തെ കൈകാര്യം ചെയ്യുന്ന സംഘാടകമികവിന്റെ പേരായിരുന്നു യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഒരു കാലത്ത് കെ. ശങ്കരനാരായണൻ.

നീണ്ട പതിനാറ് വർഷക്കാലം ശങ്കരനാരായണൻ യു.ഡി.എഫിന്റെ കൺവീനറായിരുന്നു. ഏതാണ്ട് എൺപതുകളുടെ പകുതിക്ക് ശേഷം തുടങ്ങി തൊണ്ണൂറുകളിലുടനീളം അദ്ദേഹം യു.ഡി.എഫിന്റെ കൺവീനർ സ്ഥാനം അലങ്കരിച്ചിരുന്നു. ആ കാലത്തിന് വലിയൊരു പ്രത്യേകതയുണ്ട്. യു.ഡി.എഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് ഏറ്റവും കാറും കോളും നിറഞ്ഞ കാലമാണത്. ഇന്നത്തെ യു.ഡി.എഫ് നേതൃയോഗങ്ങളെ പോലെ ശാന്തമായിരുന്നില്ല അക്കാലത്തെ യു.ഡി.എഫ് യോഗങ്ങൾ. പ്രക്ഷുബ്ധമായ കടൽ പോലെയായിരുന്നു.

കെ. കരുണാകരൻ മുഖ്യമന്ത്രിയായും അല്ലാതെയും ഉണ്ടായിരുന്ന കാലം. കരുണാകരൻ- എ.കെ. ആന്റണി യുഗമായിരുന്നു കോൺഗ്രസിൽ. ഘടകകക്ഷികളിലും അസ്വസ്ഥത പുകഞ്ഞുനിന്ന കാലം. യു.ഡി.എഫ് യോഗങ്ങൾ ആ വർഷങ്ങളിൽ എന്നും സംഘർഷഭരിതമായിരുന്നു. കൺവീനർ എന്ന നിലയിൽ ആ യോഗങ്ങളിലെ തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിൽ വിശദീകരിക്കേണ്ട ചുമതല അക്കാലങ്ങളിൽ ശങ്കരനാരായണന്റേതായി. ചാനലുകൾ സജീവമാകാത്ത കാലമായിരുന്നുവെങ്കിലും ഉള്ളറയിലെ സംഘർഷരംഗങ്ങൾ പത്രലേഖകരിൽ നിന്ന് മറച്ചുപിടിച്ച് വാർത്താസമ്മേളനം നടത്താൻ ഒരുമാതിരി കൗശലമൊന്നും പോരായിരുന്നു. ശങ്കരനാരായണൻ ആ ദൗത്യമാണ് അതീവ തന്മയത്വത്തോടെ നിർവഹിച്ചുപോന്നത്. യു.ഡി.എഫ് കൺവീനർ സ്ഥാനം ശങ്കരനാരായണന്റെ കൈകളിൽ തീർത്തും ഭദ്രമായിരുന്നു.

കെ. കാമരാജിന്റെ വത്സലശിഷ്യനായിരുന്നു ശങ്കരനാരായണൻ. ഡാ, പയ്യൻസ് എന്നേ കാമരാജ് ഈ ശിഷ്യനെ വിളിച്ചിരുന്നുള്ളൂ. കാമരാജിന്റെ ശിഷ്യനായി പിൽക്കാലത്ത് സംഘടനാ കോൺഗ്രസിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ നഖശിഖാന്തം എതിർത്തു. എൺപതുകളിലെ ഇടതുസഖ്യം വിട്ട് ആന്റണിക്കും കൂട്ടർക്കുമൊപ്പം കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ശങ്കരനാരായണൻ എ വിഭാഗത്തിന്റെ പ്രധാനിയായി. 82ലെ കരുണാകരൻ മന്ത്രിസഭയിലും അംഗമായി.

എ ഗ്രൂപ്പിന്റെ നോമിനിയായിട്ടാണ് അദ്ദേഹം യു.ഡി.എഫ് കൺവീനറാകുന്നതും. തൊണ്ണൂറുകളിൽ എ- ഐ പോര് മൂർദ്ധന്യദശയിൽ നിന്ന കാലം കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരീക്ഷണാത്മകമായ കാലമെന്ന് തന്നെ വിശേഷിപ്പിക്കാം. അക്കാലത്ത് മുന്നണി കൺവീനറായിരിക്കുകയെന്നത് ചെറിയ കാര്യമല്ല. ചാരക്കേസൊക്കെ വിവാദം സൃഷ്ടിച്ച കാലത്തും യു.ഡി.എഫ് കൺവീനറായിരുന്നു ശങ്കരനാരായണൻ. കൺവീനർ സ്ഥാനം ഒഴിഞ്ഞശേഷവും ശങ്കരനാരായണൻ കോൺഗ്രസിൽ പിന്നീടിങ്ങോട്ടെല്ലാം അറിയപ്പെട്ടത് കൺവീനർ എന്ന വിളിപ്പേരിലായിരുന്നു. പിന്നീട് ഗവർണറായി പോയപ്പോഴും അദ്ദേഹത്തെ കേരളത്തിലെ കോൺഗ്രസുകാരെല്ലാം കൺവീനറേ എന്ന് സംബോധന ചെയ്തു.

2001ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ 100 സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ആ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയാവാൻ നിയോഗിക്കപ്പെട്ടത് ശങ്കരനാരായണനായിരുന്നു. കേരളത്തിന്റെ ധനസ്ഥിതി അങ്ങേയറ്റത്തെ പരിതാപകരമായ അവസ്ഥയിൽ നിൽക്കുമ്പോൾ അവിടെയും പ്രതിസന്ധിഘട്ടത്തിലെ കപ്പിത്താനാവാനുള്ള നിയോഗമാണ് ശങ്കരനാരായണനിൽ വന്നുപെട്ടത്.

ധനപ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നിർബന്ധിതമായ സർക്കാരായിരുന്നു 2001ലെ എ.കെ. ആന്റണിയുടേത്. ആ കയ്പേറിയ തീരുമാനത്തിന്റെ പ്രധാന ഉത്തരവാദിത്വം സ്വാഭാവികമായും ധനമന്ത്രിയായ ശങ്കരനാരായണനിൽ വന്നുചേർന്നു. മുഖ്യമന്ത്രിയായ ആന്റണിക്ക് ഡൽഹിയിൽ പോകാൻ വിമാനടിക്കറ്റിന് പോലും കാശില്ലാത്ത കാലമാണ്. എല്ലാവരും മുണ്ട് മുറുക്കിയുടുക്കണമെന്ന ആന്റണിയുടെ പ്രസ്താവന അന്ന് വലിയ ചർച്ചയായി. ഭരണ-പ്രതിപക്ഷ ഭേദമെന്യേ സർക്കാർ ജീവനക്കാരുടെ ആക്‌ഷൻ കൗൺസിൽ അക്കാലത്ത് നടത്തിയ 32 ദിവസം നീണ്ടുനിന്ന ഐതിഹാസികസമരം ചരിത്രമായി. ആനുകൂല്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ ആയിരുന്നു ആ സമരം.

2004ൽ ആന്റണി മുഖ്യമന്ത്രിപദമൊഴിഞ്ഞ മന്ത്രിസഭ മാറുമ്പോഴേക്കും കേരളത്തിന്റെ ധനസ്ഥിതിയിൽ ആശാവഹമായ പുരോഗതിയുണ്ടായിട്ടുണ്ട്. പൂർണമായി ധനസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിലും. ആ പുരോഗതി നേടിയെടുക്കാനായതിലെ ആത്മസംതൃപ്തിയോടെയാണ് ശങ്കരനാരായണൻ സെക്രട്ടേറിയറ്റിൽ നിന്നിറങ്ങിപ്പോന്നതും. പിന്നീട് യു.പി.എ സർക്കാർ ഇടപെട്ട് നാഗാലാൻഡിലും മേഘാലയയിലും മഹാരാഷ്ട്രയിലും ശങ്കരനാരായണനെ ഗവർണറാക്കി.

കുടുംബസ്വത്ത് പാർട്ടിക്ക് ദാനം ചെയ്ത് കോൺഗ്രസിനെ സേവിച്ച ശങ്കരനാരായണൻ പാലക്കാടൻ നന്മയുടെ പ്രതീകമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANKARA NARAYANAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.