ന്യൂ ഡൽഹി : എസ്.എൻ. ട്രസ്റ്റിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചന കേസിൽ ആരോപണവിധേയരായവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്ന ഭേദഗതിക്കെതിരെ എസ്.എൻ. ട്രസ്റ്റും സെക്രട്ടറി വെളളാപ്പളളി നടേശനും സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ട്രസ്റ്റ് സ്‌കീം ഭേദഗതിക്ക് ഉത്തരവിട്ട ഹൈക്കോടതി നടപടിയെയാണ് എസ്.എൻ. ട്രസ്റ്റും വെളളാപ്പളളി നടേശനും ചോദ്യം ചെയ്യുന്നത്. എതിർകക്ഷികളായ ചില ട്രസ്റ്റ് അംഗങ്ങൾ അടക്കം 55 പേർക്കാണ് നോട്ടീസ്. ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. വെളളാപ്പളളി നടേശന് വേണ്ടി അഭിഭാഷകരായ രാകേഷ് ദ്വിവേദി, രാജൻ ബാബു, റോയ് എബ്രഹാം എന്നിവർ ഹാജരായി.
എസ്.എൻ. ട്രസ്റ്റിന്റെ പ്രവർത്തനത്തിനായുളള സ്‌കീം തയ്യാറാക്കിയത് ഹൈക്കോടതിയാണ്. ട്രസ്റ്റ് സ്വത്തുമായി ബന്ധപ്പെട്ട വിശ്വാസ വഞ്ചന കേസിൽ ഏതെങ്കിലും ഭാരവാഹി ഉൾപ്പെട്ടാൽ, കുറ്റവിമുക്തനാകുന്നതുവരെ ആ ഭാരവാഹി മാറിനിൽക്കണമെന്ന രീതിയിൽ സ്‌കീം ഭേദഗതി ചെയ്യണമെന്ന് ഒരു ട്രസ്റ്റ് അംഗം ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിനെയാണ് വെളളാപ്പളളി നടേശൻ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്. ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരോപണവിധേയൻ നിരപരാധിയാണ്. ഹൈക്കോടതി ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്നും ജനപ്രാതിനിധ്യ നിയമം അടക്കം ലംഘിക്കുന്നതാണെന്നും എസ്.എൻ. ട്രസ്റ്റും വെളളാപ്പളളി നടേശനും സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ജൂലായ് 11ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |