കോഴിക്കോട്: പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതോടെ സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സാദ്ധ്യത. കഴിഞ്ഞ ദിവസം ട്രേഡ് യൂണിയനുകൾ മന്ത്രി വി.ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. 2023 മാർച്ചിൽ മിനിമം വേതന പരിധിയിൽ നിന്ന് ഇവരെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി. ഇതോടെ കൂലിയിൽ വർദ്ധനവുണ്ടാകും. മിനിമം വേജസ് അഡ്വെെസറി ബോർഡിന്റെ നടപടിക്രമം പൂർത്തിയാകുന്ന മുറയ്ക്കാകും ഇത്.
അടിസ്ഥാന കൂലിക്ക് പുറമെ ഡി.എ, വെയിറ്റേജ്, സ്പെഷ്യൽ അലവൻസ്, ലഘുഭക്ഷണ പാചകത്തിന് അധിക വേതനം, സ്കൂൾ മുടങ്ങിയാലും അടിസ്ഥാന കൂലി തുടങ്ങിയവ ലഭിക്കും.
തൊഴിലാളികൾക്ക് യൂണിഫോം, ഏപ്രൺ, തൊപ്പി എന്നിവ നൽകാൻ നൂൺമീൽ കമ്മിറ്റികളോട് സർക്കാർ നിർദ്ദേശിക്കും.
ഹെൽത്ത് കാർഡ് വർഷത്തിലൊരിക്കൽ സമർപ്പിക്കാൻ അനുവദിക്കണമെന്നും അതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള ആവശ്യം ആരോഗ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പാക്കും. ആറുമാസം കൂടുമ്പോൾ സ്വന്തം ചെലവിൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് ഹാജരാക്കാനാണ് നിലവിലെ നിർദ്ദേശം.
ഇൻഷ്വറൻസിനും സാദ്ധ്യത
ഇൻഷ്വറൻസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കാൻ 250 കുട്ടികൾക്ക് ഒരു തൊഴിലാളി, 500 കുട്ടികൾക്ക് അധികമായി ഒരു ഹെൽപ്പർ, 750 കുട്ടികൾക്ക് അധികമായി രണ്ടു ഹെൽപ്പർ എന്നിവയും പരിഗണിച്ചേക്കും.
13,453
പാചകത്തൊഴിലാളികൾ
2,000-13,500 രൂപ
ശരാശരി വേതനം
600- 675 രൂപ
പ്രവൃത്തിദിന ഓണറേറിയം
20
ശരാശരി പ്രതിമാസ പ്രവൃത്തിദിനം
സമരങ്ങളെ തുടർന്നാണ് മന്ത്രി ചർച്ച നടത്തിയത്. മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ ജൂൺ അവസാനം വീണ്ടും ചർച്ചയുണ്ടാകും
-പി.ജി.മോഹനൻ, ജനറൽ സെക്രട്ടറി,
സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |