SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

 കൂടൽമാണിക്യം ക്ഷേത്രം -- ഈഴവൻ കഴകമായതിനെതിരെ തന്ത്രിമാർ സുപ്രീംകോടതിയിൽ

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്‌തികയിൽ ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ നിയമിച്ചതിനെതിരെ തന്ത്രിമാർ സുപ്രീംകോടതിയെ സമീപിച്ചു. അനുരാഗിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ആചാരപരവും ആത്മീയവുമാണെന്നാണ് വാദം. പാരമ്പര്യകഴകത്തിന്റെ അവകാശം തെക്കേ വാര്യം കുടുംബത്തിനാണെന്നും ചൂണ്ടിക്കാട്ടി. കഴകം ആചാരപരമാണോ അല്ലയോ എന്നത് സിവിൽ കോടതി തീർപ്പാക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന നടപടികളിലും ഇടപെട്ടിരുന്നില്ല. ഇതടക്കം ഹ‌ർജിയിൽ ചോദ്യംചെയ്യുന്നു.

2025 ഫെബ്രുവരിയിൽ, റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ഈഴവ സമുദായാംഗമായ ബി.എ. ബാലു ജോലിക്കെത്തിയതോടെ തന്ത്രിമാർ ക്ഷേത്ര ബഹിഷ്ക്കരണസമരം നടത്തിയിരുന്നു. ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റിയത് അ‌ടക്കം വിവരങ്ങൾ കേരള കൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. ഏപ്രിൽ ഒന്നിന് ബാലു രാജിവച്ചതോടെയുണ്ടായ ഒഴിവിലാണ് അനുരാഗിനെ നിയമിച്ചത്.

 ശാന്തി നിയമനത്തിൽ നോട്ടീസ്

തിരുവിതാംകൂ‌ർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെ പാർട്ട് ടൈം ശാന്തി നിയമനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ദേവസ്വം ബോർ‌ഡ് അംഗീകരിച്ച തന്ത്ര വിദ്യാ‌ലയങ്ങളുടെ സർട്ടിഫിക്കറ്റുള്ളവരെ ശാന്തിമാരായി നിയമിക്കാമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജികൾ. അഖില കേരള തന്ത്രിസമാജം, അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവരാണ് ഹർജിക്കാർ. സംസ്ഥാന സർക്കാർ, തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ്, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയ എതിർകക്ഷികൾ നാലാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിയമനങ്ങൾ ഹർജിയിലെ അന്തിമതീ‌ർപ്പിന് വിധേയമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

2023ലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനത്തെയാണ് ഹർജിക്കാർ ചോദ്യംചെയ്യുന്നത്. താന്ത്രിക വിദ്യാഭ്യാസം വിലയിരുത്താനും അംഗീകാരം നൽകാനും ബോ‌‌ർഡിന് വൈദഗ്ദ്ധ്യമോ അധികാരമോ ഇല്ലെന്നാണ് വാദം. പാരമ്പര്യമായി തന്ത്രി സ്ഥാനം വഹിക്കുന്നവരുടെ കീഴിൽ പഠിച്ചവരെ ശാന്തിമാരായി നിയമിക്കണം. തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റിനെ മാത്രമേ അംഗീകൃത രേഖയായി പരിഗണിക്കാൻ പാടുള്ളുവെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY