തിരുവനന്തപുരം: ആറായിരത്തിലേറെപ്പേർക്ക് ജോലിക്ക് വഴി തുറന്ന് മൂന്നു വർഷത്തിനു ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ അധിക തസ്തിക നിർണയം പൂർത്തിയായി. 2313 സ്കൂളുകൾക്കായി 6005 അധിക തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശ പൊതുവിദ്യാഭ്യാസ വകുപ്പ് ധന വകുപ്പിന് കൈമാറി. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
5906 അദ്ധ്യാപക തസ്തികകളും 99 അനദ്ധ്യാപക തസ്തികകളുമാണ്. 1106 സർക്കാർ സ്‌കൂളുകളിൽ 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളിൽ 2925 തസ്തികകളും. ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പനുസരിച്ച് അധികമായി വന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായാണ് അധിക തസ്തിക കണക്കാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ മലപ്പുറം ജില്ലയിലാണ്. സർക്കാർ - 694,
എയ്ഡഡ് -889. ഏറ്റവും കുറവ് പത്തനംതിട്ടയിലും - 62.
ഉദ്യോഗാർത്ഥികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിനാണ് വിരാമമാവുന്നത്. കൊവിഡ് കാലത്ത് കുട്ടികളുടെ കണക്കെടുപ്പ് നടന്നിരുന്നില്ല. തുടർന്ന് തസ്തിക നിർണയം നീണ്ടുപോയി. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ പലതവണ സമരം നടത്തുകയും വകുപ്പു മന്ത്രിക്കുൾപ്പെടെ നിവേദനം നൽകുകയും ചെയ്തിരുന്നു. അധിക തസ്തിക നിർണയം നീണ്ടുപോകുന്നതിനെക്കുറിച്ച് കേരളകൗമുദി വിവിധ വാർത്തകൾ നൽകിയിരുന്നു.
2022-23 അദ്ധ്യയന വർഷത്തെ കണക്കു പ്രകാരം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളുണ്ട്. ഈ അദ്ധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി ചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.
തസ്തികകൾ:
എച്ച്.എസ്.ടി : സർക്കാർ 740, എയിഡഡ് 568
യു.പി.എസ്.ടി : സർക്കാർ 730, എയിഡഡ് 737
എൽ.പി.എസ്.ടി : സർക്കാർ 1086, എയിഡഡ് 978
എൽ.പി, യു.പി
മറ്റു തസ്തികകൾ
(ഭാഷാദ്ധ്യാപകർ, താത്കാലികം)
സർക്കാർ :463
എയിഡഡ്: 604
2019- 20ൽ അനുവദിച്ചതും
2022 -23ൽ നഷ്ടപ്പെട്ടതും
സർക്കാർ :1638
എയിഡഡ് :2925
സർക്കാർ സ്കൂളുകളിൽ
നിയമനം ഇങ്ങനെ
പുതുതായി റിപ്പോർട്ട് ചെയ്യുന്ന അദ്ധ്യാപക ഒഴിവുകളിലേക്ക് നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം
എൽ.പി, ഹൈസ്‌കൂൾ ജില്ലാ തലത്തിലും ഹയർ സെക്കൻഡറിക്ക് സംസ്ഥാന തലത്തിലുമാണ് റാങ്ക് ലിസ്റ്റ്
റാങ്ക് ലിസ്റ്റില്ലാത്ത വിഷയങ്ങൾക്ക് പി.എസ്.സി പുതിയ അപേക്ഷ ക്ഷണിക്കും
(എ.കെ.സാദിഖ്
പി.എസ.സി മുൻ ജോയിന്റ് സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |