
തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ദർശനം നടത്തി.ഇന്നലെ രാവിലെ 11.15ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് ദർശനത്തിനെത്തിയത്.തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തിയ അദ്ദേഹം ക്ഷേത്രത്തിലെ വി.ഐ.പി ലോഞ്ചിൽ എത്തി ഷർട്ട് മാറ്റി മേൽമുണ്ടണിഞ്ഞ് വടക്കേനടയിലൂടെ ക്ഷേത്രത്തിലേക്ക് കടന്നു.
ശീവേലിപ്പുരയിലൂടെ ആദ്യം അഗ്രശാല ഗണപതിയെയും പിന്നീട് കൊടിമരച്ചുവട്ടിലൂടെ അകത്തേക്ക് കടന്ന് ഹനുമാൻസ്വാമി,ഗരുഡൻ വിഗ്രഹങ്ങളെയും വണങ്ങി.തെക്കേടത്ത് നരസിംഹസ്വാമിയെ തൊഴുതശേഷം ഒറ്റക്കൽമണ്ഡപത്തിലെത്തി ശ്രീപദ്മനാഭസ്വാമിയെ ഏറെ നേരം തൊഴുത് പ്രാർത്ഥിച്ച് പ്രസാദവും സ്വീകരിച്ചു.ശേഷം വിഷ്വക്‌സേനൻ,ശ്രീരാമൻ,വേദവ്യാസൻ എന്നീ ദേവന്മാരെ തൊഴുത ശേഷം തിരുവമ്പാടി ശ്രീകൃഷ്ണന്റെ നടയിലും ദർശനം നടത്തി.
വടക്കേനടയിൽ അമിത്ഷായ്ക്ക് ക്ഷേത്രത്തിന്റെ ഉപഹാരമായി ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത മുറജപം ഷാൾ ഭരണസമിതി അംഗം ആദിത്യവർമ അണിയിച്ചു.ഭരണസമിതി അംഗങ്ങളായ എ.വേലപ്പൻനായർ ശ്രീപദ്മനാഭന്റെ ചിത്രവും കരമന ജയൻ ഓണവില്ലും നൽകി.പായസം ഉൾപ്പെടെയുള്ള പ്രസാദം വാങ്ങിയാണ് അമിത്ഷാ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |