SignIn
Kerala Kaumudi Online
Sunday, 08 March 2026 4.19 AM IST

ഗുരുസ്മരണയിൽ ധ്യാനനിമഗ്നനായി രാഹുൽ ഗാന്ധി

Increase Font Size Decrease Font Size Print Page
rahu

ശിവഗിരി : മഹാഗുരുവിന്റെ പവിത്ര സ്മരണകൾ തുടിച്ചു നിൽക്കുന്ന ശിവഗിരിയുടെ മണ്ണിലെത്തിയപ്പോഴുണ്ടായ ആത്മനിർവൃതി വടിവൊത്ത അക്ഷരങ്ങളിൽ രേഖപ്പെടുത്തി നെഹ്രുകുടുംബത്തിലെ നാലാം തലമുറക്കാരൻ.

ഇന്നലെ ശിവഗിരി മഠം സന്ദർശിച്ച രാഹുൽഗാന്ധിക്ക് മുന്നിലേക്ക് , മുമ്പ് സന്ദർശകരായി വന്നിട്ടുള്ള അതിവിശിഷ്ട വ്യക്തികളുടെ കുറിപ്പുകൾ ഉൾപ്പെട്ട ബുക്ക് നീട്ടി. മുൻ താളുകൾ മറിച്ചപ്പോൾ അതിലുണ്ട്, തന്റെ മുതുമുത്തച്ഛൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ കൈപ്പടയിലുള്ള കുറിപ്പ്.സന്ദർശക ഡയറിയിലെ തവിട്ടു നിറത്തിലുള്ള കടലാസിലേക്ക് നീല മഷിയിൽ രാഹുൽ തന്റെ മനസ് പകർത്തി, ' ഈ സവിധത്തിലേക്കെത്താൻ കഴിഞ്ഞത് എനിക്കൊരു ബഹുമതിയാണ്, ഗുരുവിന്റെ സന്ദേശങ്ങൾ കാലാതിവർത്തിയാണ്.'..അതിനും കുറേ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ അവിടെ കാണാം, 1958 ഏപ്രിൽ 25 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ശിവഗിരി സന്ദർശിച്ചപ്പോൾ എഴുതിയ കുറിപ്പ്. അന്ന് മകൾ ഇന്ദിരാഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പിന്നീട്, പ്രധാനമന്ത്രിയായിരിക്കെ ,

1981 ലും 83 ലും ഇന്ദിരാഗാന്ധി ശിവഗിരി സന്ദർശിച്ചിരുന്നു. തന്റെ പിതാവ്,​ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശിവഗിരിയും അരുവിപ്പുറവും സന്ദർശിച്ച ഘട്ടത്തിലെ ഓർമ്മകൾ സ്വാമി സച്ചിദാനന്ദ പങ്കു വച്ചത് കൗതുകത്തോടെയാണ് രാഹുൽ കേട്ടിരുന്നത്. നേരത്തെ ,ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ആദ്യമായി രാഹുൽ ഗാന്ധി ശിവഗിരിയിലെത്തിയത്.ശിവഗിരി മഠത്തിന്റെ അന്തരീക്ഷം തീർത്തും ആശ്ചര്യകരമെന്നാണ് ഇന്നലെ രാഹുൽ അഭിപ്രായപ്പെട്ടത്.തനിക്ക് നവ്യാനുഭൂതി പകർന്നതായും അദ്ദേഹം സന്യാസി ശ്രേഷ്ഠരോട് വിശദീകരിച്ചു .

1904 ലാണ് ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ചതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞപ്പോൾ,​ അത്യധികം മനോഹരമെന്നായിരുന്നു രാഹുലിന്റെ മറുപടി.മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും വിശദീകരണക്കുറിപ്പും ഉൾപ്പെട്ട ചിത്രങ്ങൾ വൈദിക മഠത്തിന്റെ ചുവരിൽ കണ്ടപ്പോൾ രാഹുൽ കൗതുകത്തോടെ നോക്കി നിന്നു.ശാരദാ മഠത്തിലെ സവിശേഷതകളും സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു. ശാരദാമഠത്തിൽ സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വൈദിക, താന്ത്രിക കർമ്മങ്ങളില്ല, വിദ്യാ ദേവതയെ പൂജിക്കുന്ന മന്ത്രങ്ങളും ധ്യാനവും മാത്രമേയുളളു. പൂജ കഴിഞ്ഞാൽ പ്രസാദമായി നൽകുന്നത് പേനയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി.

TAGS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.