തിരുവനന്തപുരം : സ്‌കൂൾ സമയമാറ്റം ശരിയായ തീരുമാനമായതിനാലാവാം പ്രതിപക്ഷം അഭിപ്രായം പറയാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ സമയമാറ്റത്തിനെതിരെ പ്രതിപക്ഷം സംസാരിക്കുന്നില്ലെന്ന സമസ്തയുടെ മുഖപത്രത്തിലെ എഡിറ്റോറിയലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
സമയമാറ്റം സംബന്ധിച്ച് പരാതിയൊന്നും വന്നിട്ടില്ല. പരാതി എഴുതി ലഭിച്ചാൽ ആവശ്യമായ ചർച്ച നടത്തും.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്ക് രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കും. കണക്ക് പുറത്ത് വിടുന്നതിൽ സർക്കാരിന് തടസമൊന്നുമില്ല.
കണ്ണൂരിൽ സ്‌കൂൾ പൂട്ടിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഒരു പൊതുവിദ്യാലയവും പൂട്ടരുതെന്നാണ് സർക്കാരിന്റെ നയം.
എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക നിയമനം സംബന്ധിച്ച കോടതി വിമർശനം അർഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധിക്കും. പ്ലസ് വൺ അലോട്ട്‌മെന്റ് പുരോഗമിക്കുന്നുണ്ട്. മൂന്നാം അലോട്ട്‌മെന്റ് പൂർത്തിയായ ശേഷം മറ്റ് പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കും.
ഐ.ടി.ഐകളുടെ നവീകരണം, മെട്രോകളിലെ എൻജിൻ പ്രവർത്തനം പഠിപ്പിക്കാനായി രണ്ട് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഹൈദരാബാദിൽ നടക്കുന്ന കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ യോഗത്തിൽ മുന്നോട്ടുവയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |