
ആലപ്പുഴ: അജിത്ത്കുമാറിന് ശിവഗിരിദർശനവും തീർത്ഥാടനയാത്രയും ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവർഷവും വീട്ടിൽ നിന്ന് വാഹനത്തിലോ കാൽനടയായോ പോയിരുന്ന അജിത്ത് ഇത്തവണ ഗതിയൊന്ന് മാറ്റി. ആലപ്പുഴ ഗുരുമന്ദിരം വാർഡ് പുത്തൻപുരയിൽ പി.എം.അജിത്ത്കുമാർ(62) ജോലി ചെയ്യുന്ന പൊള്ളാച്ചിയിലെ ആസ്പിൻ വാൾ കമ്പനിയിൽ നിന്ന് കഴിഞ്ഞ 21ന് ശിവഗിരിയിലേക്ക് ഒറ്റയ്ക്ക് നടന്നു. 300 കിലോമീറ്റർ നീണ്ട യാത്ര ഇന്ന് ശിവഗിരിയുടെ തീർത്ഥാടനഭൂവിൽ പൂർത്തിയാവും.
12 ദിവസത്തെ അവധിയെടുത്ത് യാത്ര തുടങ്ങുമ്പോൾ കാൽവേദന വഴിമുടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതിനാൽ യാത്രാവിവരം വീട്ടിലും അറിയിച്ചിരുന്നില്ല. അറാം ദിവസമാണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. ഇരവുകാട് ക്ഷേത്രത്തിലേക്ക് ഭാര്യ ശ്രീകലയെ വിളിച്ചുവരുത്തിയാണ് വിവരം അറിയിച്ചത്. അപ്പോഴും പൊള്ളാച്ചിയിൽ നിന്നേ നടന്നുതുടങ്ങിയെന്ന കാര്യം പറഞ്ഞില്ല.
ശിവഗിരിയിലെ പുതുവർഷ പൂജയിലും പങ്കാളിയായശേഷം ജനുവരി രണ്ടിന് തിരികെ ജോലിക്ക് കയറും. 40 വർഷമായി ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനാണ്.11 വർഷമായി പൊള്ളാച്ചിയിലെ ബ്രാഞ്ചിൽ സൂപ്പർവൈസറാണ്. അനഘയും അപർണയുമാണ് മക്കൾ. പ്രതീഷും വിനുവും മരുമക്കൾ. ആലപ്പുഴ വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമിയുടെ സഹോദരനാണ്.
ക്ഷേത്രങ്ങളിൽ അന്തിയുറങ്ങി
മഞ്ഞ ജുബ്ബയും മുണ്ടും ഷാളുമണിഞ്ഞ് പീതപതാകയും തോൾ സഞ്ചിയുമായി നടന്നുനീങ്ങിയ അജിത്ത്കുമാറിനെ ഗുരുദേവ ഭക്തർ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ഭക്ഷണം നൽകി. വഴിയോരങ്ങളിലെ ക്ഷേത്രങ്ങളിൽ അന്തിയുറങ്ങി. ഒരിക്കലും ക്ഷീണമോ മറ്റെന്തെങ്കിലും പ്രയാസമോ ഉണ്ടായില്ല. ശിവഗിരി മഠത്തിലെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരകൻ കൂടിയാണ് അജിത്ത്കുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |