തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാർക്കറ്റിംഗ് മേധാവിയുടേതെന്ന പേരിൽ പുറത്തുവന്ന ചാറ്റിൽ വിശ്വാസ്യതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മെസിയുടെ വരവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടത് സ്‌പോൺസറാണെന്നും മന്ത്രി പറഞ്ഞു.
'കേരളത്തിലേക്കുളള മെസിയുടെ വരവ് ഒരു ശരാശരി മലയാളി എന്ന നിലയ്ക്ക് ഞങ്ങൾ ആഗ്രഹിച്ചതാണ്. ഇന്ത്യയിലെ എല്ലാ ഫുട്‌ബോൾ ടീമുകളിലും ഇപ്പോൾ മലയാളികൾ ഉണ്ട്. അത് വീണ്ടും ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് അവരെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞു. സ്‌പോൺസർ പണം അടച്ചു. ഇനി എന്താണ് ചെയ്യേണ്ടത്? ഒക്ടോബർ, നവംബർ മാസങ്ങളിൽ എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അങ്ങനെ നടന്നില്ലെങ്കിൽ അതിൽ നിന്ന് ഞങ്ങൾ പിൻമാറും. പുറത്തുവന്ന ചാറ്റിന് വിശ്വാസ്യതയില്ല. സർക്കാരിന് ഉത്തരവാദിത്തമില്ല. കരാർ ഒപ്പിട്ടത് സ്‌പോൺസർ ആണ്'- മന്ത്രി പ്രതികരിച്ചു.
അതേസമയം, കരാർ ലംഘനം നടത്തിയത് കേരള സർക്കാരാണെന്നാണ് എഎഫ്എയുടെ മാർക്കറ്റിംഗ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചത്. ഒരു മാദ്ധ്യമപ്രവർത്തകൻ അദ്ദേഹവുമായി സ്‌പാനിഷ് ഭാഷയിൽ ആശയവിനിമയം നടത്തിയതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. എഎഫ്എ കേരളത്തിലെ സ്‌പോൺസറിൽ നിന്ന് 130 കോടി രൂപ വാങ്ങിയിട്ടും കേരളം സന്ദർശിക്കുന്നതിൽ നിന്നും പിൻമാറിയ അർജന്റീന ടീം കരാർ ലംഘനമല്ലേ കാണിച്ചതെന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. അങ്ങനെയല്ലയെന്നായിരുന്നു ലിയാൻഡ്രോ പീറ്റേഴ്സന്റെ പ്രതികരണം. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നാണ് പീറ്റേഴ്സണ്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പീറ്റേഴ്സണ്‍ മറുപടി നല്‍കിയില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |