തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നഴ്സുമാരുടെ ഉൾപ്പെടെ 225 പുതിയ തസ്തിക അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതിൽ 107 എണ്ണവും നഴ്സിംഗ് ഓഫീസർമാരുടേത്. 18 സീനിയർ നഴ്സിംഗ് ഓഫീസർ തസ്തികയുമുണ്ട്. ഇതോടെ നഴ്സിംഗ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കിട്ടാതെ നിയമപോരാട്ടം നടത്തുന്നവർക്ക് പ്രതീക്ഷയേറി. ഇക്കാര്യം ജനുവരി 29ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഒ.പി, ഓപ്പറേഷൻ തിയേറ്റർ, പേ വാർഡ് ഉൾപ്പെടെയുള്ള ആശുപത്രിയിലെ പുതിയ ബ്ലോക്ക് പ്രവർത്തനം തുടങ്ങിയതോടെയാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ഇതിൽ 57 സീനിയർ റസിഡന്റ്, 17 അസിസ്റ്റന്റ് പ്രൊഫസർ, 30 അനസ്‌തേഷ്യ, കാർഡിയോളജി, റേഡിയോളജി, ന്യൂറോ ടെക്നീഷ്യൻ തസ്തികയടക്കമുണ്ട്.
590പേർ ഉൾപ്പെട്ട നഴ്സിംഗ് ഓഫീസർ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിനാണ് ശ്രീചിത്ര പ്രസിദ്ധീകരിച്ചത്. 59 പേർക്കു മാത്രമാണ് നിയമനം നൽകിയത്. രണ്ടുവർഷ കാലാവധിയുള്ള ലിസ്റ്റിന്റെ സമയപരിധി ഫെബ്രുവരി ആറിന് കഴിഞ്ഞെങ്കിലും ഹൈക്കോടതിയിൽ കേസുള്ളതിനാൽ മരവിപ്പിച്ചിരിക്കുകയാണ്.
പുതിയ തസ്തിക സൃഷ്ടിച്ചതോടെ ഇതിൽ നിന്ന് നിയമനം നടത്തുമെന്നാണ് നഴ്സിംഗ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. പുതിയ വിജ്ഞാപമിറക്കി പരീക്ഷയും ഇന്റർവ്യൂവും നടത്താനാണ് തീരുമാനമെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. പുതിയ നിയമന പ്രക്രിയ ഒരു വർഷത്തോളം നീളുകയും ചെയ്യും. അത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കും.
'നഴ്സിംഗ് ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ഡോ.ജിതേന്ദ്ര സിംഗ് എന്നിവരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ ഫലമായാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്.
- രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |