ശിവഗിരി: അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെന്ററിന്റെ (എസ്.എൻ.എം.സി) ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനം പ്രചരിപ്പിക്കുന്നതിന് ജാതി-മത വ്യത്യാസമില്ലാതെ മലയാളിസമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ശ്രീനാരായണ മിഷൻ സെന്റർ. വർഷങ്ങളായി ഗുരുദേവദർശനം പുതിയ തലമുറയിലേക്കും അമേരിക്കൻ ജനതയിലേക്കും പകർന്നു നൽകാനായി സംഘടന പ്രവർത്തിച്ചു വരുന്നു. വെർജീനിയ, മരിലാന്റ്, വാഷിംഗ്ടൺ ഡി.സി പ്രവിശ്യകളാണ് സംഘടനയുടെ പ്രവർത്തന പരിധിയിലുളളത്.
കായംകുളം കട്ടച്ചിറ സ്വദേശിനി മിനി അനിരുദ്ധനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ നേവിയിൽ കോമൺ കൺട്രോൾ സ്റ്റേഷനിൽ ചീഫ് എൻജിനിയർ. അമേരിക്കയിലെ റെട്ട്ഗേർസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദവും ജോൺ ഹോപ്പ്കിൻസ് സർവ്വകലാശാലയിൽ നിന്ന് സിസ്റ്റംസ് എൻജിനിയറിംഗിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
ആലപ്പുഴ കടമ്പൂർ സ്വദേശി ഡോ. മുരളി രാജൻ മാധവനാണ് വൈസ് പ്രസിഡന്റ്. സാഗർ യൂണിവേഴ്സിറ്റിയിലും വിക്രം യൂണിവേഴ്സിറ്റിയിലും പ്രൊഫസറായിരുന്നു. ഇപ്പോൾ അമേരിക്കയിൽ ഐ.ടി കമ്പനി ഡയറക്ടറാണ്.
കോട്ടയം സ്വദേശിനി സരൂപ അനിലാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. വാഷിംഗ്ടൺ ഡി.സിയിൽ ഐ.ടി മാനേജ്മെന്റ് പ്രൊഫഷണലാണ്. നല്ലൊരു നർത്തകിയുമാണ്.
വർക്കല സ്വദേശി ഡോ. അരുൺ പീതാംബരനാണ് ട്രഷറർ. അമേരിക്കൻ ആർമിയുടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. കേരള സർവ്വകലാശാലയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ പിഎച്ച്.ഡി, അമേരിക്കയിലെ യൂണിഫോംഡ് സർവ്വീസസ് യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ്, മരിലാന്റിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റ്.
സുനിൽരാജ് (ജോയിന്റ് സെക്രട്ടറി), അനിൽകുമാർ (ജോയിന്റ് ട്രഷറർ). വിവിധ സബ്ബ് കമ്മിറ്റികളുടെ ഡയറക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ:
മാളവിക കാട്ടുപറമ്പിൽ (യൂത്ത് കമ്മിറ്രി), കേശവൻ ശിവരാജൻ (പബ്ലിക് റിലേഷൻസ്), സന്ദീപ് പണിക്കർ (മെമ്പർഷിപ്പ്), സരസ്വതി ധർമ്മരാജൻ (ലിറ്രററി അഫയേഴ്സ് എഡ്യുക്കേഷൻ ആൻഡ് ലൈബ്രറി), ലക്ഷ്മി സോമകുമാർ (എന്റർടെയ്ൻമെന്റ്), രത്നമ്മ ഗോപിനാഥൻ (സോഷ്യൽ ഇവന്റ്സ്), സതി കവനക്കുടി (സ്പോർട്സ് ആൻഡ് ഗെയിംസ്), ജയരാജ് ജയദേവൻ (പ്ലാനിംഗ്), ഷീബ ബാലചന്ദ്രൻ (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ഗുരുപ്രസാദാണ് സംഘടനയുടെ രക്ഷാധികാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |