കോട്ടയം: സൗദിയിലെ നഗരങ്ങളുടെ മുക്കും മൂലയിലുമെത്തുന്ന ക്യാമറക്കണ്ണുകൾ. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങൾ മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനി കണ്ടെത്തി ഭരണകൂടത്തിന് കൈമാറിയപ്പോൾ സൗദിയുടെ തലവര മാറി. കോട്ടയം മാന്നാനം ചിറ്റേഴത്ത് അജിത് നായർ സി.ഇ.ഒ ആയ ക്യാംകോം കമ്പനിയുടെ സഹായത്താൽ സുസ്ഥിര നഗരവികസന സൂചികയിൽ മികച്ച റാങ്കിംഗിലെത്താൻ സൗദിക്ക് കഴിഞ്ഞു.
പൊതുസ്ഥലത്ത് മാലിന്യം തള്ളൽ, വേസ്റ്റ് ബിന്നിൽ നീക്കം ചെയ്യാത്ത മാലിന്യം, ട്രാഫിക് നിയമലംഘനങ്ങൾ, റോഡിലെ കുഴികൾ, കേടായ വഴിവിളക്കുകൾ, തുറന്നു കിടക്കുന്ന മാൻഹോളുകൾ, നിർമാണത്തകരാറുകൾ തുടങ്ങി നഗരങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം ക്യാംകോം ക്യാമറയിലാക്കും. ഉടനടി പരിഹാരമേകിയതോടെ സൗദി വെടിപ്പായിത്തുടങ്ങി.
2017 സെപ്തംബറിലാണ് ബംഗ്ളൂരു ആസ്ഥാനമാക്കി അജിത് നായർ, എൻജിനിയർമാരായ ഉമേഷ് (ഉമാ മഹേഷ്), മഹേഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ക്യാമറാ കൊമേഴ്സ് എന്ന ക്യാംകോമിന് തുടക്കമിട്ടത്. രണ്ടു വർഷം മുമ്പ് സൗദി സർക്കാരുമായി കരാറിലായി. എ.ഐ വിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തനം. സി.സി ടി.വി ക്യാമറകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, വാഹനങ്ങളിലെ ഡാഷ് ബോർഡിലെ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ, നഗരസഭാ ഇൻസ്‌പെക്ടർമാർ എടുക്കുന്ന ചിത്രങ്ങൾ എന്നിവയെല്ലാം ക്യാംകോമിന്റെ പ്ലാറ്റ്‌ഫോമിലെത്തും. ഇതിന് പുറമേ നിയമലംഘനങ്ങൾ പകർത്താനായി 'ബലാഡി ലെൻസ്' എന്ന ആപ്പ് പൗരൻമാർക്കായി ഭരണകൂടവും നൽകി. കിട്ടുന്ന ചിത്രങ്ങളിൽ നിന്ന് നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിച്ചു. 21നഗരസഭകളിൽ നിന്നായി ഒരു മാസം ലഭിക്കുന്ന ആറു മില്യൺ ചിത്രങ്ങളിൽ നിന്ന് എല്ലാ നിയമലംഘനങ്ങളും കണ്ടെത്താനും ഭരണകൂടത്തിന് കഴിയുന്നുണ്ട്. ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസിന്റെ ജ്യേഷ്ഠൻ പരേതനായ വേണുഗോപാലൻ നായർ -ലളിത നായർ ദമ്പതികളുടെ മകനാണ് അജിത് നായർ. ഭാര്യ:മായ ആനി ഏലിയാസ്.
കിട്ടിയത് 13 പുരസ്കാരങ്ങൾ
ഒരു വർഷത്തിനിടെ 13 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സൗദി നേടി. നിർമിത ബുദ്ധി ഉപയോഗത്തിലൂടെ സുസ്ഥിര നഗര വികസനമെന്ന ആശയത്തിൽ യു.എൻ റാങ്കിംഗ്11ൽ സൗദിയുടെ നില 63ൽ നിന്ന് നാലായി ഉയർന്നു. നഗര ഭരണ നിർവഹണത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് വേൾഡ് സമ്മിറ്റ് ഓൺ ഇൻഫർമേഷൻ സൊസൈറ്റിയുടെ ഈ വർഷത്തെ പുരസ്‌കാരവും ലഭിച്ചു.
'' ഒരുതരത്തിൽ ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് ഞങ്ങളുടെ കമ്പനി ചെയ്യുന്നത്'' അജിത് നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |