
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യആകർഷകമായി നടൻ മോഹൻലാൽ. ഖദർ ജുബ്ബയിലും മുണ്ടിലുമെത്തിയ മോഹൻലാലിന്റെ പ്രസംഗം കേൾക്കാനാണ് വേദിയിലുള്ളവർ അക്ഷമരായി കാത്തുനിന്നത്. വടക്കുംനാഥനെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് ഖദർ ധരിച്ചതെന്നും കുട്ടികളെ സന്തോഷിപ്പിക്കാൻ മീശയും പിരിച്ചെന്നും മോഹൻലാൽ നർമ്മത്തോടെ കൂട്ടിച്ചേർത്തു. നടിമാരായ മഞ്ജു വാര്യർ, നവ്യാ നായർ, ഗായകരായ കെ എസ് ചിത്ര, ജി വേണുഗോപാൽ എന്നിവർ കലോത്സവങ്ങളിലൂടെ ഉയർന്നുവന്ന താരങ്ങളാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിന്റ് നേടി കണ്ണൂർ ജില്ലയ്ക്കും ആലത്തൂരിലെ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിനും മോഹൻലാൽ പ്രത്യേക അഭിനന്ദനങ്ങളും നേർന്നു.
'കലാകാരൻ എന്ന നിലയിൽ ഈ വേദിയോട് വലിയ ആദരവാണുള്ളത്. യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിത്. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോദ്ധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്.
കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്. തോൽവി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവാണ് അവര്‍ക്ക് നൽകുന്നത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി ഇത്രയധികം തുകയും ഒരുക്കവും നടത്തുന്ന സര്‍ക്കാരിനോട് നന്ദിയുണ്ട്. സോഷ്യൽമീഡിയ ഇത്രയും ജനപ്രീതിയാര്‍ജിച്ചിട്ടും പല സംവിധായകരും സ്കൂള്‍ കലോത്സവത്തിൽ പ്രതിഭകളെ തേടിയെത്തുന്നുണ്ട്. മലയാള സിനിമക്കും യുവജനോത്സവങ്ങള്‍ കുറെയെറെ പ്രതിഭകളെ സമ്മാനിച്ചു'- മോഹൻലാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |