തിരുവനന്തപുരം: കോടതി വിധിയിലൂടെ ഉണ്ടായ സമാധാന അന്തരീക്ഷം തകർക്കരുതെന്നു കുറിയാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്ത പറഞ്ഞു. സർക്കാരിന്റെ നിയമ നിർമ്മാണ നീക്കത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പാളയം സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടത്തിയ ഉപവാസ പ്രാർത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹനസമരത്തിലൂടെ സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ടെന്നും വൈദേശിക അധിനിവേശത്തിൽ നിന്നും മോചനം നേടാൻ പോരാടിയ ധീര പിതാക്കന്മാരുടെ പ്രാർത്ഥന തങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത ആമുഖ പ്രസംഗം നടത്തി. ഭരണഘടന അനുസരിച്ച് ഇടവകകൾ ഭരിക്കപ്പെടണം എന്ന കോടതി തീരുമാനം നിലനിൽക്കെ അത് അംഗീകരിക്കാത്തവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന നടപടി അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക സംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷതവഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപ്പൊലീത്ത, മറ്റു മെത്രപ്പൊലീത്തമാരായ
ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് , യൂഹാനോൻ മാർ പോളിക്കർപ്പോസ്, യൂഹാനോൻ മാർ തേവോദോറോസ്, മാത്യൂസ് മാർ എപ്പിപ്പാനിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വറുഗീസ് അമയിൽ, വൈദിക സംഘം സെക്രട്ടറി ഫാ. ഡോ. നാൻ വി. ജോർജ്ജ്, സഭാവക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ഡോ. വറുഗീസ് വറുഗീസ് എന്നിവർ സംസാരിച്ചു. കത്തീഡ്രൽ വികാരി ഫാ. മാത്യു നൈനാൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |