കോതമംഗലം: ആൺസുഹൃത്തിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഥീന കൊലപാതക രീതികൾ പഠിക്കാൻ മാനസഗുരുവായി സ്വീകരിച്ചിരുന്നത് തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ. കാമുകനെ ഇല്ലാതാക്കാൻ ഗ്രീഷ്മ പ്രയോഗിച്ച വഴിയും അതിന് തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അഥീന മനസിലാക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ്.
ആർക്കും സംശയം തോന്നാത്ത രീതിയിൽ എളുപ്പത്തിൽ ഒരാളെ ഇല്ലാതാക്കാൻ പാരക്വിറ്റ് മികച്ചതാണെന്ന് വ്യക്തമായതോടെ പുരുഷ സുഹൃത്ത് അൻസിലിനെ ഇല്ലാതാക്കാനും അതുതന്നെ തിരഞ്ഞെടുത്തു. ഈ കീടനാശിനി ശരീരത്തിനുളളിൽ എത്തപ്പെട്ടാൽ ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അഥീന മനസിലാക്കിയിരുന്നു. തുടർന്ന് വ്യക്തമായ പ്ലാനിംഗോടെ അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ കളനാശിനി ചേർത്ത് നൽകുകയായിരുന്നു. പാരക്വിറ്റ് ശരീരത്തിനുള്ളിൽ കടന്നാൽ മറുമരുന്നുകളില്ല. അതിനാൽത്തന്നെ പുറംനാടുകളിൽ പലയിടങ്ങളിലും ഇത് ലൈസൻസുള്ളവർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എന്നാൽ നമ്മുടെ നാട്ടിൽ എവിടെയും വാങ്ങാൻ കിട്ടും.
സാമ്പത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതുമാണ് അൻസിലിനെ ഇല്ലാതാക്കാൻ അഥീന തീരുമാനിച്ചതിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. കോളേജ് പഠനകാലത്തുതന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്. കോളേജ് പഠനകാലത്ത് കാമുകൻ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്നുകാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
അമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു അഥീന കഴിഞ്ഞിരുന്നത്. ബന്ധുക്കൾ അടുത്തുതന്നെ താമസമുണ്ടെങ്കിലും അവരുമായി അടുപ്പമുണ്ടായിരുന്നില്ല. അയൽക്കാരോടുപോലും അടുപ്പമില്ലായിരുന്നു. ഒരുവർഷം മുമ്പ് സുഹൃത്തുവഴിയാണ് അൻസിലും അഥീനയും പരിചയപ്പെടുന്നത്. തുടർന്ന് നല്ല അടുപ്പത്തിലായി. സാമ്പത്തിക ഇടപാടുകളും ഇവർ തമ്മിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |