
മാന്നാർ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി കായംകുളം കണ്ടല്ലൂർ വേലൻചിറ അഭിരാമത്തിൽ അഭിഗീത്. കെ.പി. ബിജുവാണ് (16) ജീവനൊടുക്കിയത്. കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി കെ.പി.ബിജുവിന്റയും മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ബിന്ദുവിന്റെയും മകനാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ അങ്കണത്തിലെ ബോയ്സ് ഹോസ്റ്റലിന്റെ ടോയ്ലെറ്റിലേക്കുള്ള ഇടനാഴിയുടെ ഭിത്തിക്കു മുകളിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയിൽ കൈലി ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. ബയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അഭിഗീതിനെ കാണാത്തതിനെത്തുടർന്ന് സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്.
മൃതദേഹത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 'ഐ ഹേറ്റ് മൈ ലൈഫ്" എന്ന് കുറിച്ചിട്ടുള്ളതിനാൽ പിന്നിൽ വ്യക്തിപരമായ കാരണങ്ങളാകാമെന്നാണ് പൊലീസ് നിഗമനം. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എം.ബി.ബി.എസ് വിദ്യാർത്ഥി അഭിനന്ദാണ് അഭിഗീതിന്റെ സഹോദരൻ.
രണ്ടാമത്തെ ആത്മഹത്യ
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ ഈ അദ്ധ്യയന വർഷത്തിലെ രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ജൂലായ് പത്തിന് പത്താം ക്ലാസ് വിദ്യാർത്ഥി തൃക്കുന്നപ്പുഴ ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകൾ എസ്.നേഹയെ(14) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയ്ക്ക് കാരണമായതൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |