തിരുവനന്തപുരം:വഴിയാത്രികർക്ക് ദാഹമകറ്റാനും ചൂടിൽ നിന്ന് രക്ഷനേടാനും തദ്ദേശസ്ഥാപനങ്ങൾ വഴിയോരങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ച് സംഭാരവും കുടിവെള്ളവും വിതരണം ചെയ്യും. ഒ.ആർ.എസും ലഭ്യമാക്കും. ഉഷ്ണതരംഗവും സൂര്യാഘാതവും സംഭവിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
തണ്ണീർ പന്തലുകൾക്ക് ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഗ്രാമ പഞ്ചായത്തിന് രണ്ടു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നു ലക്ഷവും കോർപ്പറേഷന് അഞ്ച് ലക്ഷവും അനുവദിക്കും. വ്യാപാരികളുടെ സഹകരണം വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും ഉറപ്പാക്കണം.
ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന കാമ്പെയിനുകൾ നടത്തും.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ
തദ്ദേശ സ്ഥാപനങ്ങൾ കർമ്മ പദ്ധതികൾ നടപ്പാക്കണം.
കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പിന്റെ പ്ലാൻ ഫണ്ടോ, തനതു ഫണ്ടോ വിനിയോഗിക്കാം.
ജലക്ഷാമം രൂക്ഷമാവുന്ന പ്രദേശങ്ങൾ ജലവിഭവ വകുപ്പ് മുൻകൂട്ടി കണ്ടെത്തണം.ദുരന്തനിവാരണ അതോറിറ്റികളും തദ്ദേശഭരണസ്ഥാപനങ്ങളും കർമ്മപദ്ധതികൾ തയാറാക്കണം.
എസ്.ഡി. എം. എ സ്ഥാപിച്ച 5000 വാട്ടർ കിയോസ്‌കുകൾ പ്രവർത്തനക്ഷമമാക്കണം. ഇവ വൃത്തിയാക്കാനോ പുനഃക്രമീകരിക്കാനോ കിയോസ്ക് ഒന്നിന് പതിനായിരം രൂപ വീതം തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കും.
വേനൽ മഴയിൽ പരമാവധി ജലം സംഭരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതിയുണ്ടാവണം. പ്രാദേശികമായ മാതൃകകൾ ഇതിനായി വികസിപ്പിക്കണം. ജനപ്രതിനിധികളുടെയടക്കം നേതൃത്വത്തിൽ ജനകീയ കാമ്പെയിനായി ഇത് വളർത്തണം.
15 ദിവസത്തിനുള്ളിൽ
1. 15 ദിവസത്തിനുള്ളിൽ തണ്ണീർ പന്തലുകൾ ആരംഭിക്കും. മേയ് നാല് വരെ തുടരും. പ്രവർത്തനം പൊതുകെട്ടിടങ്ങളിലും സുമനസ്‌കർ നൽകുന്ന കെട്ടിടങ്ങളിലും.
2. ചൂട് കൂടുതലുള്ള കേന്ദ്രങ്ങളിൽ താൽക്കാലികമായി തണുപ്പുറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കും.
#പകർച്ചവ്യാധി നേരിടാൻ
ആരോഗ്യ പ്രവർത്തകർക്ക് പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി പ്രത്യേക പരിശീലനം നൽകണം. പി.എച്ച്.സികളിലും സി .എച്ച്. സികളിലുമടക്കം ഒ.ആർ. എസ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഉറപ്പാക്കണം.
# വിദ്യാർത്ഥി സുരക്ഷ
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ വിദ്യാഭ്യാസവകുപ്പ് ഉറപ്പാക്കണം.പരീക്ഷക്കാലമായതിനാൽ പിരിമുറുക്കം കൂടുതലുണ്ടാവും. അത് ഹീറ്റ് സ്‌ട്രെസ് വർദ്ധിപ്പിക്കും. പരീക്ഷാഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം.
# അഗ്നിസുരക്ഷ
അഗ്നി സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ പൊലീസ് അടിയന്തരമായി പടക്ക നിർമ്മാണ, സംഭരണ ശാലകൾ പരിശോധിച്ച് അഗ്നി സുരക്ഷ ഉറപ്പാക്കണം. ഉത്സവവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പരിശോധിക്കണം.
ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച മാർഗ്ഗരേഖയനുസരിച്ച് ഉത്സവങ്ങൾ നടത്തണം.
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയ്, അഡിഷണൽ ചീഫ്സെക്രട്ടറിമാരായ ഡോ.വി. വേണു, ശാരദ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |