പത്താം ക്ലാസ്സിനുശേഷം ഉപരിപഠന മേഖല കണ്ടെത്തുമ്പോൾ പഠിതാവിന്റെ അഭിരുചി, ലക്ഷ്യം, പ്രാപ്തി, പഠിക്കാനുദ്ദേശിക്കുന്ന വിഷയത്തിന്റെ പ്രസക്തി, തുടർ പഠന സാദ്ധ്യത മുതലായവ വ്യക്തമായി വിലയിരുത്തണം. മാറുന്ന ഉപരിപഠന, തൊഴിൽ സാദ്ധ്യതകൾ, ആഗോള വിദ്യാഭ്യാസ സാഹചര്യം എന്നിവ മനസ്സിലാക്കിയിരിക്കണം.പത്താം ക്ലാസ്സിനുശേഷം പ്ലസ് ടു വിനു കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ പ്ലസ്‌ടു വിനുശേഷമുള്ള തുടർ പഠന സാദ്ധ്യത, ലക്ഷ്യം എന്നിവ ശ്രദ്ധാപൂർവം വിലയിരുത്തണം.
നിരവധി സ്കിൽ അധിഷ്ഠിത കോഴ്സുകൾ
രാജ്യത്ത് എളുപ്പത്തിൽ മികവുറ്റ തൊഴിൽ ലഭിക്കാൻ തൊഴിൽ നൈപുണ്യം അല്ലെങ്കിൽ സ്കിൽ ആവശ്യമാണ്. നിലവിലുള്ള സ്കില്ലും, ആവശ്യമായ സ്കില്ലും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. എസ്.എസ്.എൽ.സി പൂർത്തിയാക്കിയവർക്ക് തൊഴിൽ ലക്ഷ്യമിട്ടുള്ള നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. വിദ്യാർത്ഥിയുടെ താല്പര്യം, അഭിരുചി, ലക്‌ഷ്യം എന്നിവ വിലയിരുത്തി ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കാം. ഐ ടി, ഡിസൈൻ, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, മറൈൻ ഫിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫാഷൻ ഡിസൈൻ, അനിമേഷൻ, ബ്യൂട്ടീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മൾട്ടിമീഡിയ പെയിന്റിംഗ്, ബിഗ്രാഫിക്‌സ്, ഇവെന്റ് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, കോസ്‌മെറ്റോളജി, ഹോട്ടൽ മാനേജ്‌മെന്റ്, ഐ.ടി.ഐ കോഴ്സുകൾ, GST Consultant, ഡെന്റൽ ഡിപ്ലോമ, ഇലക്ട്രിഷ്യൻ, പ്ലംബർ, വെൽഡർ, ഇന്റീരിയർ ഡിസൈൻ, ഫുഡ് ടെക്നോളജി, പെയിന്റിംഗ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, ലബോറട്ടറി ടെക്‌നിഷ്യൻ, പൗൾട്രി സൂപ്പർവൈസർ, പ്ലാന്റ് നേഴ്സറി സൂപ്പർവൈസർ, വീഡിയോ പ്രൊഡക്ഷൻ, ഓഫീസിൽ ഓട്ടോമേഷൻ, ഫിലിം എഡിറ്റിംഗ്, മൾട്ടീമീഡിയ, 3 ഡി അനിമേഷൻ, വിർച്വൽ റിയാലിറ്റി, ഗെയിമിംഗ്, കോമിക്സ് , ഡെയറി ടെക്നോളജി, റെഫ്രിജറേഷൻ, എയർ കണ്ടിഷനിംഗ്, ഫിഷ് പ്രോസസ്സിംഗ്, അഗ്രി പ്രോസസ്സിംഗ്, ഗ്രാഫ്റ്റിംഗ്, ഓർഗാനിക് ഫാമിംഗ് ടെക്‌നിഷ്യൻ, അഡ്വെർടൈസിംഗ്, മാർക്കറ്റിംഗ്, ഫോട്ടോഗ്രാഫി,DTP ഓപ്പറേറ്റർ, data സയൻസ്, പ്രോഗ്രാമിംഗ് ലാംഗ്വേജ്,ഡെന്റൽ മെക്കാനിക്സ്, നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ/ഡിപ്ലോമ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങി SSLC പൂർത്തിയാക്കിയവർക്ക് നിരവധി സ്കിൽ അധിഷ്ഠിത കോഴ്സുകളുണ്ട്. മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകൾ യഥേഷ്ടമുണ്ട്. നിരവധി വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സുകളുണ്ട്. ഇവയെല്ലാം ടെക്‌നിഷ്യൻ, സൂപ്പർവൈസർ തലത്തിൽ രാജ്യത്തിനകത്തും, വിദേശത്തും തൊഴിൽ ലഭിക്കാനുപകരിക്കും. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ വിദേശത്ത് വിദഗ്ദ്ധ തൊഴിൽ നേടാം. പോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് , ഹോട്ടൽ മാനേജ്‌മെന്റ്, കളിനറി ആർട്സ്, ബേക്കിംഗ്, ടിക്കറ്റിംഗ്, എയർപോർട്ട് മാനേജ്‌മന്റ് എന്നിവയിലും നിരവധി കോഴ്സുകളുണ്ട്. കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്.
NSDC യുടെ നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. ഇവയിൽ അഞ്ഞൂറോളം ജോബ് റോളുകൾ നിരവധി സെക്ടർ സ്കിൽ കൗൺസിലുകളിലായുണ്ട്. അസാപ്, കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ്, KDISC , IIIC എന്നിവിടങ്ങളിലും, കാർഷിക, വെറ്റിനറി, ഫിഷറീസ് സർവകലാശാലകളിലും നിരവധി കോഴ്സുകളുണ്ട്.
പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗ് (CIFNET) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സാണിത്. ഷിപ്പിംഗ് കോർപറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും. 15 -20 വയസ്സാണ്. പ്രായപരിധിയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചുവർഷത്തെ ഇളവുണ്ട്. രണ്ടു വർഷത്തെ വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ തുടങ്ങിയ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലായി 120 സീറ്റുകളുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. www.cifnet.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |