ന്യൂഡൽഹി: ആലപ്പുഴ തോട്ടപ്പളളിയിൽ വെളളപ്പാെക്കം ഒഴിവാക്കാനെന്ന മറവിൽ സർക്കാർ ഒത്താശയോടെ അനധികൃത കരിമണൽ ഖനനം നടക്കുന്നുവെന്ന് ആരോപിച്ചുളള പ്രദേശവാസികളുടെ ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര-കേരള തീരദേശ പരിപാലന അതോറിറ്റികൾ, സംസ്ഥാന ജലസേചന വകുപ്പ്, ആലപ്പുഴ ജില്ലാ കളക്‌ടർ, പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചവറയിലെ കെ.എം.എം.എൽ, അറ്റോമിക് വകുപ്പിന് കീഴിലെ ഐ.ആർ.ഇ.എൽ എന്നിവരും മറുപടി നൽകണം.
ഖനനത്തിൽ ഇടപെടാത്ത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് പ്രദേശവാസികൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി പരിഗണിച്ചപ്പോൾ സ്റ്റേ ആവശ്യമുന്നയിച്ചില്ല. എങ്കിലും എതിർകക്ഷികളുടെ നിലപാട് തേടാൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. തോട്ടപ്പളളി സ്വദേശികളായ എസ്.സുരേഷ് കുമാർ, എ. അനിൽകുമാർ, എസ്. ശ്യാംഘോഷ്, സി.സനിൽ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദുരന്ത മാനേജ്മെന്റ് നിയമം അനുസരിച്ചാണ് മണൽ നീക്കുന്നതെന്നും, സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് ഖനനം തടയണമെന്ന പ്രദേശവാസികളുടെ ആവശ്യം ഹൈക്കോടതി തളളിയത്. കെ.എം.എം.എല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് വെളളപ്പൊക്കം തടയാനാണ് മണൽ നീക്കുന്നതെന്ന് സുപ്രീംകോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |