കുന്നംകുളം: സ്കൂളിൽ നടക്കുന്ന ഓണാഘോഷത്തിൽ മുസ്ലിം കുട്ടികൾ പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ചുള്ള അദ്ധ്യാപികമാരുടെ ശബ്ദ സന്ദേശം . സംഭവം വിവാദമായതോടെ സ്കൂളിലെ അദ്ധ്യാപികമാരായ ഖദീജ, ഹഫ്സ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.ഡി.വൈ.എഫ്.ഐ നൽകിയ പരാതിയെ തുടർന്നാണിത്.കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അദ്ധ്യാപികമാരാണ് ചെറിയ കുട്ടികളെ ഓണാഘോഷത്തിൽ നിന്നും വിലക്കിയുള്ള ശബ്ദ സന്ദേശം നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുട്ടികൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ സാദ്ധ്യതയുള്ള ശബ്ദസന്ദേശം നൽകിയ അദ്ധ്യാപികമാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കടവല്ലൂർ നോർത്ത് കമ്മിറ്റി കുന്നംകുളം പൊലീസിലും ഉന്നത അധികാരികൾക്കും പരാതി നൽകി.
എല്ലാ മതവിഭാഗത്തിൽപ്പെടുന്ന കുട്ടികളും പഠിക്കുന്ന സ്കൂളാണിത്. ഓണം ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് ബഹുദൈവ വിശ്വാസമാണ്. നമ്മളോ നമ്മുടെ കുട്ടികളോ ഒരു തരത്തിലും ഓണാഘോഷത്തെ പ്രോത്സാഹിപ്പിക്കരുതെന്നും മറ്റ് മതസ്ഥരുടെ ആചാരവുമായി കൂട്ടിച്ചേരുന്നത് ശിർക്കായി (ബഹു ദൈവവിശ്വാസം) മാറാൻ ഇടയുണ്ടെന്നും കാട്ടി അദ്ധ്യാപികമാർ രക്ഷിതാക്കൾക്ക് അയച്ച ശബ്ദ സന്ദേശമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞ വർഷം ഓണം വിപുലമായി ആഘോഷിച്ചിരുന്നുവെന്നും ഈ വർഷം ചുരുങ്ങിയ രീതിയിൽ ഓണാഘോഷം നടത്തിയാൽ മതിയെന്നുമാണത്രേ മാനേജ്മെന്റിന്റെ തീരുമാനം.
''സംഭവത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും.തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന ഇടങ്ങളായിരിക്കണം.ഒരു വിവേചനവും വിദ്യാലയങ്ങളിൽ അനുവദിക്കില്ല.''
-മന്ത്രി വി.ശിവൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |