തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനായി സണ്ണി ജോസഫ് നിയമിതനായതിന് തൊട്ടു പിന്നാലെ എത്തിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ആദ്യ മാറ്റുരയ്ക്കലാകും. എൽ.ഡി.എഫിന്റെ കൈവശമിരുന്ന സീറ്ര് തിരിച്ചുപിടിക്കാനായാൽ ആത്മവിശ്വാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ കരുത്താകും.
കെ.സുധാകരനെ മാറ്റി സണ്ണി ജോസഫിനെ സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തേക്ക് നിയോഗിച്ചതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചവർക്കുള്ള മറുപടി കൂടിയാകും ഇത്. സണ്ണി ജോസഫിന്റെ കൈയിൽ കടിഞ്ഞാൺ ഭദ്രമാണെന്ന വിലയിരുത്തലുമുണ്ടാകും.
കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് സീറ്റുകൾ നിലനിറുത്താനായി. ഇടതുകോട്ടയായ ചേലക്കരയിൽ 39,400ൽ നിന്ന് എൽ.ഡി.എഫ് ഭൂരിപക്ഷം 12,122 വോട്ടായി കുറയ്ക്കാനും കഴിഞ്ഞു. ആ പാത പിന്തുടർന്ന് നിലമ്പൂരിൽ മികച്ച വിജയമാണ് സണ്ണി ജോസഫും കൂട്ടരും ലക്ഷ്യമിടുന്നത്.
എല്ലാവരെയും കൂട്ടിയോജിപ്പിച്ച്, അപശബ്ദങ്ങളില്ലാതെ നിലമ്പൂർ കടക്കാനായാൽ സണ്ണി ജോസഫ് നേതൃസ്ഥാനത്തെത്തിയപ്പോൾ നെറ്റിചുളിച്ചവർ നിശബ്ദരാവും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പു വേളകളിൽ സണ്ണിയുടെ നേതൃത്വത്തിനു നേർക്ക് ചോദ്യചിഹ്നമുയരുകയുമില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇരുത്തംവന്ന മറുപടിയാണ് ഇന്നലെ അദ്ദേഹം നൽകിയത്.
തികഞ്ഞ ആത്മവിശ്വാസം
കെ.പി.സി.സി അദ്ധ്യക്ഷന് മാത്രമല്ല, പുതിയ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർക്കും നിലമ്പൂർ പരീക്ഷണ ഘട്ടമാണ്. സീറ്റ് തിരികെ യു.ഡി.എഫിൽ എത്തിയാൽ വിന്നിംഗ് ടീം എന്ന സൽപ്പേര് തുടക്കത്തിലേ നേടിയെടുക്കാം
കോൺഗ്രസിലും യു.ഡി.എഫിലും സംജാതമായിട്ടുള്ള ആവേശവും ആത്മവിശ്വാസവും എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിലാണ് കാര്യങ്ങൾ
നിലമ്പൂരിൽ ജോയ്ഫുൾ മാത്രമല്ല, ചിയർഫുൾ ആയ സ്ഥാനാർത്ഥി കൂടിയാവും വരിക എന്ന സണ്ണി ജോസഫിന്റെ കമന്റിലുണ്ട് ആത്മവിശ്വാസത്തിന്റെ മുഴക്കം
നിലമ്പൂരിൽ 'ചിയർഫുൾ'
ആയ സ്ഥാനാർത്ഥി:
സണ്ണി ജോസഫ്
കണ്ണൂർ: നിലമ്പൂരിൽ യു.ഡി.എഫ് സുസജ്ജമാണെന്നും സ്ഥാനാർത്ഥി ക്ഷാമമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ശക്തനായ സ്ഥാനാർത്ഥിയെ തന്നെ പ്രഖ്യാപിക്കും. എന്നാൽ, എൽ.ഡി.എഫിന് സ്ഥാനാർത്ഥി ക്ഷാമം നിലനിൽക്കുന്നു.
വി.എസ്.ജോയ് പേരിൽ തന്നെ വിജയമുള്ള നേതാവാണ്. ആര്യാടൻ ഷൗക്കത്ത് പ്രമുഖനായ നേതാവാണ്. നിലമ്പൂരിൽ 'ജോയ്ഫുൾ' മാത്രമല്ല 'ചിയർഫുൾ' ആയ സ്ഥാനാർത്ഥി കൂടിയാകും ഉണ്ടാവുക. യു.ഡി.എഫ് സ്ഥാനാർത്ഥികളെ രണ്ടുപേരിലേക്ക് ചുരുക്കിയത് മാദ്ധ്യമങ്ങളാണ്. കൂടുതൽ പേരുകൾ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |