
ഇടുക്കി: കോച്ചിംഗ് സെന്റർ ഫോർ മൈനോറിട്ടി യൂത്തിലെ അദ്ധ്യാപകർക്ക് ശമ്പളമില്ലാതായിട്ട് നാല് മാസത്തിലേറെ. പി.എസ്.സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നതിന് കേരള ന്യൂനപക്ഷ ക്ഷേമവകുപ്പിലുള്ള കോച്ചിംഗ് സെന്ററുകളാണിത്. 14 ജില്ലകളിലെ 24 സെന്ററുകളിലും 28 സബ് സെന്ററുകളിലുമായി എഴുപതോളം അദ്ധ്യാപകരാണുള്ളത്. പരാതിപ്പെടുമ്പോൾ മാത്രമാണ് രണ്ടോ മൂന്നോ മാസത്തെ വേതനം ഒരുമിച്ച് നൽകുന്നത്. ഏഴ് മാസത്തെ ശമ്പളം ഫെബ്രുവരിയിലാണ് കിട്ടിയത്. അതേസമയം,ഓഫീസ് സ്റ്റാഫ് കൃത്യമായി ഫയലുകൾ അയയ്ക്കാത്തതിനാലാണ് ശമ്പളം വൈകുന്നതെന്നും ആക്ഷേപമുണ്ട്. സെന്ററുകളിലെ ശുചീകരണ തൊഴിലാളികളുടെ അവസ്ഥയും ഇത് തന്നെയാണ്. എന്നാൽ,പ്രിൻസിപ്പലടക്കമുള്ള ഓഫീസ് ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്.
കിട്ടാനുള്ളത്
ലക്ഷങ്ങൾ
ഓരോ ദിവസവും എടുക്കുന്ന ക്ലാസുകൾക്കനുസരിച്ചാണ് വേതനം. അഞ്ച് മണിക്കൂറിന്റെ ഒരു ദിവസത്തെ ക്ലാസിന് 2,500 രൂപയാണ്. ഒരു മാസം ശരാശരി 20-25 ക്ലാസുണ്ടാകും. ഇത്തരത്തിൽ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കാനുള്ള അദ്ധ്യാപകരുണ്ട്. തിരുവനന്തപുരത്തുള്ള അദ്ധ്യാപകർക്ക് കാസർകോട്ടുള്ള സെന്ററിൽ പോയി ക്ലാസെടുക്കേണ്ടി വരും. എന്നാൽ,യാത്രാബത്തയില്ല.
പിന്നാക്കകാർക്കും
പരിശീലനം
2011ൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സംസ്ഥാന സർക്കാർ കോച്ചിംഗ് സെന്റർ ഫോർ മൈനോറിട്ടി യൂത്ത് ആരംഭിച്ചത്. മുസ്ലിം,ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗങ്ങൾക്ക് പുറമേ ഹിന്ദു ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനമുണ്ട്. ചില സെന്ററുകളിൽ കരിയർ ഗൈഡൻസ് ക്ലാസുമുണ്ട്.
സ്വാഭാവിക കാലതാമസമാണുള്ളത്. ഫയലുകൾ വരുന്ന മുറയ്ക്ക് ഫണ്ട് നൽകുന്നുണ്ട്.
-പി. ശ്രീകല
ഡി.ഡി.ഒ,ന്യൂനപക്ഷ ക്ഷേമ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |