തിരുവനന്തപുരം: സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും പിടി വാശി വെടിഞ്ഞ് കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ശബരിമലയിൽ പ്രതിദിനം കുറഞ്ഞത് 18,000 തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗിലൂടെ ദർശന സൗകര്യമൊരുക്കാനാവും..
ശബരിമല ദർശനത്തിന് ഒരു ദിവസം ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവരിൽ കുറഞ്ഞത് 20% പേർ എത്താറില്ലെന്നാണ് ദേവസ്വം ബോർഡിന്റ കണക്ക്.. കഴിഞ്ഞ മണ്ഡലകാലത്ത് 90,000 പേർക്ക് ഓൺലൈനായും 15,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും ദർശന സൗകര്യമൊരുക്കി. ഓൺലൈനായി ബുക്ക് ചെയ്യുന്നവരിൽ എത്താതിരിക്കുന്ന 20% പേർക്ക് പകരം 18,000 പേർക്ക് ദർശനമൊരുക്കാനാകും. കഴിഞ്ഞ തവണത്തെ കണക്കു കൂടി പരിഗണിച്ചാൽ 33,000 പേർക്ക് സ്പോട്ട് ബുക്കിംഗിലുടെ ദർശനമൊരുക്കാം..എന്നാൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി ഓൺലൈനായി ബുക്ക് ചെയ്യുന്ന 80,000 പേർക്ക് മാത്രമേ ദർശനമൊരുക്കൂ എന്ന നിലപാടിലാണ് സർക്കാരും ദേവസ്വം ബോർഡും.
സംസ്ഥാനത്തും, മറ്റ് സംസ്ഥാനങ്ങളിലും നിന്നുള്ള തീർത്ഥാടകർക്ക് ഇത് തിരിച്ചടിയാവും. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നല്ലൊരു പങ്കും ഗ്രാമീണരാണ്. ഇവരിൽ പലർക്കും ഓൺലൈൻ ബുക്കിംഗിനെപ്പറ്റി ധാരണയില്ല. . സാങ്കേതിക തടസ്സങ്ങളാൽ ഓൺലൈനായി ബുക്കു ചെയ്യാൻ കഴിയാത്തവർക്കും സ്‌പോട്ട് ബുക്കിംഗ് അനുഗ്രഹമായിരുന്നു.
സ്പോട്ട് ബുക്കിംഗ്
കുമളി, ഏരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഓരോ കൗണ്ടർ വീതം.നിലയ്ക്കലിൽ പത്തും പമ്പയിൽ അഞ്ചും കൗണ്ടറുകൾ
ദർശനത്തിനെത്തിയത് 90,000 മുതൽ 1.25 ലക്ഷം പേർ വരെ
തിരുപ്പതി മോഡൽ
പ്രായോഗികമല്ല
സന്നിധാനത്ത് എത്തുന്നവരുടെ കണക്കും വിവരവും സുരക്ഷയ്ക്ക് ആവശ്യമാണെന്നും തിരുപ്പതി മാതൃകയിൽ ദർശനം ക്രമീകരിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണങ്ങളെന്നാണ് ദേവസ്വം ബോർഡിന്റെ വാദം. മാസപൂജയ്ക്ക് അഞ്ചു ദിവസം വീതവും മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് രണ്ടു മാസവും നട തുറക്കുന്ന ശബരിമലയെ എന്നും ദർശനമുള്ള തിരുപ്പതിയുമായി താരതമ്യം ചെയ്യാനാവില്ല
ദർശനത്തിനെത്തുന്നവരുടെ വിവര ശേഖരണം സ്പോട്ട് ബുക്കിംഗിലൂടെ ഉറപ്പാക്കാം.
''മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാൻ തീരുമാനിച്ചത്. അത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല''-
വി.എൻ.വാസവൻ,
ദേവസ്വംമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |