കൊച്ചി: ജയിൽ മോചനവും ജുഡിഷ്യറിയിൽ ഉന്നത പദവിയും വാഗ്ദാനം ചെയ്തിട്ടും സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ 34-ാം വയസിൽ അടിയന്തരാവസ്ഥയ്ക്കെതിരായ നിലപാടിൽ ഉറച്ചു നിന്നതൽ ഇന്നും അഭിമാനം കൊള്ളുകയാണ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മുതിർന്ന അഭിഭാഷകനുമായ തമ്പാൻ തോമസ്. അറസ്റ്റിലായ ശേഷം അടിയന്തരാവസ്ഥ പിൻവലിക്കും വരെ 18 മാസമാണ് ജയിൽവാസം അനുഭവിച്ചത്..
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ, എറണാകുളം ബോട്ടു ജെട്ടിയിലെ സ്വന്തം വക്കീൽ ഓഫീസിലിരുന്ന് പഴയ സ്മരണകൾ പുതുക്കി തമ്പാൻ തോമസ്. പാർട്ടിയിൽ പ്രത്യേക പദവികളൊന്നുമില്ലാതിരുന്നിട്ടും 1975 ജൂൺ 30ന് പുലർച്ചെ വീടു വളഞ്ഞ പൊലീസ് അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ തോമസ് പാസ്ക്കൽ അടുത്ത പരിചയക്കാരനായിരുന്നെങ്കിലും അപരിചിതനെപ്പോലെയാണ് പെരുമാറിയത്. എറണാകുളം കോൺവെന്റ് റോഡിലെ ആർ.എസ്.എസ് സംഘചാലക് അഡ്വ.ടി.വി. അനന്തൻ, ആർ.എസ്.എസ് നേതാവ് പുല്ലേപ്പടിയിലെ പ്രഭു, സോഷ്യലിസ്റ്റ് നേതാവായിരുന്ന അഡ്വ.എം.എം. തോമസ് എന്നിവരെയും ആ രാത്രി അറസ്റ്റു ചെയ്തു. തന്നെ മാത്രം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് ചെയ്തു. അടുത്ത ദിവസം 'മിസ' നിയമപ്രകാരം കരുതൽ തടവുകാരനായി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. അറസ്റ്റിനെയും അനധികൃത തടവിനെയും ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജയിലിൽ
എ ക്ലാസ് പരിഗണന ലഭിച്ചതല്ലാതെ മോചനം സാദ്ധ്യമായില്ല. ഭരണഘടനാ പ്രകാരമുള്ള മൗലികാവകാശങ്ങൾ റദ്ദു ചെയ്തിരിക്കുകയാണെന്നായിരുന്നു സർക്കാരിന്റെ വാദം.
ജയിലിൽ സന്ദർശിച്ച ചില കോൺഗ്രസ് നേതാക്കൾ, സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ ജയിൽ മോചനവും ഹൈക്കോടതി ജഡ്ജിയായി നിയമനവും വാഗ്ദാനം ചെയ്തു. വഴങ്ങാൻ കൂട്ടാക്കിയില്ല. അറസ്റ്റിലായ സി.പി.എം, സംഘടനാ കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളെ വിലപേശൽ തന്ത്രത്തിന്റെ ഭാഗമായി ഒരു തവണ വിട്ടയച്ചു. വഴങ്ങാത്തതിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകാരെ വീണ്ടും ജയിലിലടച്ചു. സി.പി.എമ്മിന് ദേശീയ തലത്തിൽ അടിയന്തരാവസ്ഥയോട് മൃദുസമീപനമായിരുന്നെങ്കിലും ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരള ഘടകം ശക്തമായി ചെറുത്തുനിന്നു. അതിന്റെ ഫലമായി കെ.എൻ. രവീന്ദ്രനാഥ്, എം.എം.ലോറൻസ്, എം.കെ.കണ്ണൻ, കെ.എം. സുധാകരൻ, എം.എം. മാത്യു തുടങ്ങിയവരും അറസ്റ്റ് ചെയ്യപ്പെട്ടു. തന്നെ അറസ്റ്റു ചെയ്തതിൽ മനം നൊന്താണ് മാതാവ് മരിച്ചതെന്നും തമ്പാൻ തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |