SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

'രണ്ട് ജില്ലകളിൽ കൊവിഡ് കേസുകൾ കൂടുതൽ'; ആശുപത്രികൾ സജ്ജമാക്കാൻ സർക്കാർ നിർദേശം

Increase Font Size Decrease Font Size Print Page
covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വര്‍ദ്ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലായി രേഖപ്പെടുത്തിയത്. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നൽകാനും നിരീക്ഷണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദിവസവുമുള്ള കൊവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും. മെഡിക്കൽ കോളേജുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ എം എസ് സി എല്ലിന് നിര്‍ദേശം നല്‍കി.

കൊവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

TAGS: COVID, VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY