
തിരുവനന്തപുരം: സുരക്ഷാക്രമീകരണമില്ലാതെ ഉൾക്കാടുകളിലെത്തി കടുവ സെൻസസ് നടത്തുന്നതിനെതിരേ വനപാലകർ. സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും വനിത അടക്കം മൂന്നുപേരെ കാട്ടിൽ കാണാതാവുകയും ചെയ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. വനപാലകർക്കുള്ള സുരക്ഷാനിർദ്ദേശങ്ങൾ അശാസ്ത്രീയമാണെന്നും അപകടത്തിൽ പെടുന്നവർക്കും കൊല്ലപ്പെടുന്നവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻപോലും തയ്യാറാകുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയും ചേർന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഡിസംബർ 1 മുതൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചത്. നാല് വർഷത്തിൽ ഒരിക്കലാണ് സെൻസസ്. എം സ്ട്രൈപ്സസ് എന്ന ആപ്പ് മുഖേനെയാണ് വിവരശേഖരണം. കടുവകളുള്ള മേഖലകളിലെത്തി ജിയോടാഗിംഗ് വഴി വിവരങ്ങൾ രേഖപ്പെടുത്തണം. ഓരോ ഗ്രിഡിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കടുവയുടെ കാൽപ്പാടുകൾ, കാഷ്ഠം, ഇരകളാക്കുന്ന മൃഗങ്ങളുടെ വിവരങ്ങൾ, മരത്തിലും മറ്റും കടുവകൾ മാന്തുന്ന അടയാളങ്ങൾ എന്നിവയും ആപ്പിൽ അപ്‌ലോഡ് ചെയ്യണം.
പരിശോധന ഉൾക്കാട്ടിൽ
ആദ്യഘട്ടത്തിൽ കാട്ടിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് കടുവയുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് വിവര ശേഖരണം നടത്തിയത്. എസ്.എച്ച്.ഒ, ബി.എഫ്.ഒ, വാച്ചർ എന്നിവരടക്കമുള്ള സംഘം ഓരോ ഗ്രിഡിലും പരിശോധന നടത്തി. ഇരുമ്പ് ചട്ടക്കൂടുകൾക്കുള്ളിൽ തെർമ്മൽ ക്യാമറകൾ സ്ഥാപിച്ചു. കടുവയുടെ കാൽപ്പാടുകൾ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിൽ ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചുള്ള പരിശോധനയാണ് നടക്കുക. ഇത് ജനുവരി, ഫെബ്രുവരി വരെ നീളും. ഏപ്രിലിൽ സെൻസസ് പൂർത്തിയാക്കും.
ഒറ്റപ്പെട്ടാൽ പെട്ടു
വന്യജീവി സംഘർഷം രൂക്ഷമായ അവസ്ഥയിൽപോലും മതിയായ സുരക്ഷയൊരുക്കുന്നില്ലെന്ന് വനപാലകർ പറയുന്നു. ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും വിവരങ്ങൾ ശേഖരിക്കാൻ ഇന്റർനെറ്റ്, ജി.പി.എസ് സജ്ജീകരണമൊന്നുമില്ല. കാട്ടിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താനും ആശയവിനിമയത്തിനും സംവിധാനമില്ല. സ്വയരക്ഷയ്ക്കുള്ള ആയുധങ്ങളുമില്ല. അപകടത്തിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സാധാരണ വന്യജീവി ആക്രമണത്തിലേതുപോലെയാണ് കണക്കാക്കുന്നത്. കടുവ സെൻസസ് കേന്ദ്രത്തിന്റെ നടപടിയിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനത്തിന് മറ്റൊന്നും ചെയ്യാനാവില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |