
തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ ഇളകുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഉത്തമരായ സിപിഎം നേതാക്കൾ പാർട്ടിയിൽ നിന്ന് അകന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ വരുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയതിനുപിന്നാലെയാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്.
'സിപിഎമ്മിൽ നിന്ന് നല്ല നേതാക്കൾ പാർട്ടിയിൽ നിന്ന് അകന്നുപോകുകയാണ്. ജി സുധാകരൻ പൂർണമായും സിപിഎമ്മിൽ നിന്ന് അകന്നുകഴിഞ്ഞു. സംഘപരിവാർ സഞ്ചരിക്കുന്ന അതേ പാതയിലൂടെയാണ് സിപിഎമ്മും പോകുന്നത്. കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജി സുധാകരന്റെ പുതിയ നിലപാടുകൾ.
ഇത് മറയ്ക്കാൻ വേണ്ടി സർക്കാരിന്റെ ഖജനാവിൽ നിന്ന് കോടികളെടുത്താണ് പ്രചാരണം നടത്തുന്നത്. കേരളം ഭരിച്ച ഒരു സർക്കാരും ഖജനാവ് ഇത്രയധികം കൊള്ളയടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പി ആർ വർക്കുകൾക്കായി കോടികളാണ് ചെലവഴിക്കുന്നത്. സ്വന്തം പാർട്ടിയിലെ പണമെടുത്ത് പ്രചാരണം നടത്താം. പക്ഷെ സിപിഎം ജനങ്ങൾ അടയ്ക്കുന്ന നികുതി പണമുപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്.
അവർ ചെലവാക്കിയ പണത്തിന്റെ ബില്ലുകൾ ഓരോന്നും വന്നുകൊണ്ടിരിക്കുകയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം വീടുകൾ വച്ചുനൽകിയെന്ന് പറഞ്ഞാണ് പ്രചാരണം നടത്തുന്നത്. പത്തുവർഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകൾ മാത്രം പണിതത്. വൈദ്യുത ബോർഡ് ലാഭത്തിലാക്കിയെന്ന് കള്ളമാണ് പറയുന്നത്. കെട്ടിടനിർമാണ തൊഴിലാളികൾക്ക് പെൻഷൻ കിട്ടിയിട്ട് ഒരുപാട് മാസങ്ങളായി. സിപിഎം വ്യാപകമായ കള്ളപ്രചാരണങ്ങളാണ് നടത്തുന്നത്. ജി സുധാകരൻ ഉത്തമനായ കമ്യൂണിസ്റ്റ് നേതാവാണ്. സ്വതന്ത്രനായി മത്സരിക്കുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്'- വി ഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |