
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസിന്റെ പിടിയിൽപ്പെടാതെ ഒളിപ്പിക്കുന്നത് കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ അറിവോടെയെന്ന സംശയത്തിൽ പൊലീസ്. രാഹുൽ കർണാടകയിൽ ഉണ്ടെന്നും ബംഗളൂരുവിലെ രാഷ്ട്രീയ, റിയൽ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ള മലയാളി അഭിഭാഷകയാണ് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തുകാെടുക്കുന്നതെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം നേരത്തേതന്നെ പുറത്തുവന്നിരുന്നു. പൊലീസിന്റെ നീക്കങ്ങളും ഇവർക്ക് ചോർന്നുകിട്ടുന്നുണ്ട്.
ഗുണ്ടാ സംഘങ്ങളുടെ ഉൾപ്പെടെ വൻ നിരീക്ഷണ സംവിധാനങ്ങളുള്ള വലിയ ഫാം ഹൗസുകളിലും രാജകീയ സൗകര്യങ്ങളുള്ള റിസോർട്ടുകളിലുമാണ് രാഹുൽ ഒളിവിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പലയിടങ്ങളിലും പൊലീസിന് കടക്കുക എളുപ്പമല്ല. കടന്നാൽ തന്നെ ഏക്കറുകണക്കിന് വിസ്താരമുള്ള ഇവിടങ്ങളിൽ പരിശോധന നടത്തുകയും ബുദ്ധിമുട്ടാണ്. ഇത് മുതലാക്കിയാണ് രാഹുൽ രക്ഷപ്പെടുന്നത്. ഏതാനും മണിക്കൂറുകൾ മാത്രമാണ് ഒളിയിടങ്ങളിൽ രാഹുൽ തങ്ങുക. നീക്കം പൊലീസ് മനസിലാക്കിയെന്ന് വ്യക്തമായാലുടൻ പുതിയ സങ്കേതങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
മുൻകൂട്ടി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അനുസരിച്ചാണ് രാഹുലിനെ ഒളിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. യുവതി മുഖ്യമന്ത്രിക്ക് കൈമാറിയ സമയത്തുതന്നെ ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കോൺഗ്രസിലെ ചില ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു ഇതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇത് വ്യക്തമാക്കുന്ന തരത്തിലായിരുന്നു എറണാകുളത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. 'രാഹുൽ മാങ്കൂട്ടം എവിടെയാണെന്ന് കോൺഗ്രസുകാർ പറഞ്ഞാൽ അയാളെ പിടിക്കാം. പ്രതിയെ സംരക്ഷിക്കുന്ന നയമാണ് ചിലരുടേത്. അയാൾ ചെന്ന സ്ഥലങ്ങളെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളുയരുന്നുണ്ട്. മന:സാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുലിന്റെ കേസിലുണ്ടായത്. ആരോപണമുണ്ടായപ്പോൾ മാറ്റി നിറുത്തേണ്ടതിന് പകരം സംരക്ഷിക്കുന്ന നയം കോൺഗ്രസിനെപ്പോലെ പാരമ്പര്യമുള്ള പാർട്ടിക്ക് യോജിച്ചതല്ല' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതിനിടെ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റുതടഞ്ഞതോടെ രണ്ടാമത്തെ കേസിലും രാഹുൽ മുൻകൂർ ജാമ്യഹർജി നൽകി. അതിവേഗ നീക്കത്തിലൂടെ നൽകിയ ഹർജി ഇന്നുതന്നെ പരിഗണനയിലെടുക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |