
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് ഒഴികെ കോൺഗ്രസിന്റെ എല്ലാ സിറ്റിംഗ് എം.എൽ.എമാരും വീണ്ടും മത്സരിച്ചേക്കും. തൃപ്പൂണിത്തുറയിൽ കെ.ബാബുവും മത്സരിക്കാനാണ് സാദ്ധ്യത. നേരത്തെ, മത്സര രംഗത്തു നിന്നു മാറാൻ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. നിലവിൽ 21 കോൺഗ്രസ് എം.എൽ.എമാരാണുള്ളത്. ചില സീറ്റുകളിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന് മുമ്പ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. . പുതുയുഗ യാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കും..സതീശൻ പറഞ്ഞ ചില വിസ്മയങ്ങൾ ജില്ലയിലെ പര്യടനത്തിനിടെ സംഭവിച്ചേക്കും,. പാലക്കാട്ടെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ എം.പിമാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവരുടെ നിലപാടും നിർണ്ണായകമാവും.
. കെ.മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് മുൻ മന്ത്രി വി.എസ്.ശിവകുമാർ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.എസ്.ശബരീനാഥൻ, ടി.ശതത്ചന്ദ്ര പ്രസാദ് എന്നിവരെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. മുൻ എം.എൽ.എ വി.ടി ബൽറാം, മുൻ എം.പി രമ്യാഹരിദാസ് തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചേക്കുമെന്നും സൂചനയുണ്ട്.കെ.പി.സി.സി നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇന്ദിരാ ഭവനിൽ ചേരും.
കോൺ. പ്രചരണ
സമിതി ആദ്യ
യോഗം ഇന്ന്
തിരുവനന്തപുരം: കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം ഇന്ന് രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരും.
പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് കൺവീനർ ഷാഫി പറമ്പിൽ എം.പി അറിയിച്ചു.
സ്ഥാനാർത്ഥിത്വം തള്ളാതെ കണ്ണൻ ഗോപിനാഥൻ
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ നിരന്തരം വിമർശനം ഉന്നയിച്ച അദ്ദേഹം സർവീസിൽനിന്ന് രാജിവെച്ചു. 2025 ഒക്ടോബറിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വമെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |