
തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റു വിഭജനത്തിൽ തീർപ്പ് വൈകുന്നു.. കേരള കോൺഗ്രസി (ജോസഫ്)ന്റെ കാര്യത്തിലാണ് തർക്കം തുടരുന്നത്.കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ വേണമെന്ന കടുത്ത നിലപാടിലാണ് അവർ. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജോസഫ് വിഭാഗം തോറ്റ ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ സീറ്റുകൾ വിട്ടുകിട്ടണമെന്നതാണ് കോൺഗ്രസ് നിലപാട്. എട്ടു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്.
മുസ്ലീം ലീഗിന്റെ കാര്യത്തിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. തിരുവാമ്പാടി സീറ്റ് കൈമാറ്റത്തിൽ മാത്രമാണ് ചെറിയ ആശയക്കുഴപ്പം. ആർ.എസ്.പിയുമായി ഒരു ചർച്ച കൂടിയുണ്ട്. മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾക്ക് പകരം വിജയ സാദ്ധ്യത കൂടുതലുള്ള രണ്ട് സീറ്റുകളെന്ന ആവശ്യത്തിലാണ് അവരുമായുള്ള ചർച്ച വഴിമുട്ടി നിൽക്കുന്നത്.
ഫോർവേഡ് ബ്ളോക്ക് ആവശ്യപ്പെട്ടത് കൊല്ലം സീറ്റാണ്. പാർട്ടിയുടെ ദേശീയ നേതാവ് ദേവരാജൻ കൊല്ലം സ്വദേശിയാണ്. പക്ഷെ കോൺഗ്രസ് മറുപടി പറഞ്ഞിട്ടില്ല. കേരളാ കോൺഗ്രസിന് (ജേക്കബ്) പിറവം ഉറപ്പാണ്. അവരുമായും ചർച്ച നടന്നിട്ടില്ല.
മാർച്ച് എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനാൽ ഈ മാസം അവസാന വാരത്തിൽ കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയേക്കും. നിലവിലെ 20 എം.എൽ.എമാർ മത്സര രംഗത്തുണ്ടാവുമെന്നുറപ്പായി. മുതിർന്ന നേതാക്കളിൽ കെ.മുരളീധരന്റെ കാര്യം ഉറപ്പായിട്ടുണ്ട്. എം.എം.ഹസൻ, വി.എസ്.ശിവകുമാർ എന്നിവരുടെ പേരും പജരിഗണനയിലുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. പുതുയുഗ യാത്ര സമാപനത്തിൽ രാഹുൽ ഉൾപ്പെടെയുള്ള നേതാക്കളുടെ ഡേറ്റ് ഉറപ്പിക്കാനും വയനാട് ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടലിനെപ്പറ്റി ആലോചിക്കാനുമായിരുന്നു യാത്ര..എന്നാൽ സണ്ണി ജോസഫ് പേരാവൂരിൽ വീണ്ടും മത്സരിക്കാൻ താത്പര്യം കാട്ടിയിട്ടുള്ളതിനാൽ കെ.പി.സി.സി പ്രസിഡന്റ് ചുമതല കൈമാറുന്നത് സംബന്ധിച്ച ചർച്ച നടന്നതായും സൂചനയുണ്ട്. മുൻപ് കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലിരുന്നു കൊണ്ട് രമേശ് ചെന്നിത്തല മത്സരിച്ചിട്ടുള്ള അനുഭവവുമുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ അത്ര യോജിപ്പില്ലെന്നാണ് അറിയുന്നത്. സണ്ണി ജോസഫ് മത്സരിക്കുമ്പോൾ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
സഭയുടെ സമ്മർദ്ദം:
തിരുവമ്പാടിക്ക് പകരം
പട്ടാമ്പി സമ്മതിച്ച് ലീഗ്
മലപ്പുറം: മുസ്ലിം ലീഗിന്റെ കൈവശമുള്ള കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന സമ്മർദ്ദം ക്രിസ്ത്യൻ സഭാ നേതൃത്വം ശക്തമാക്കിയതോടെ, അനുകൂല നിലപാടുമായി മുസ്ലിം ലീഗ്. തിരുവമ്പാടിക്ക് പകരം പാലക്കാട്ടെ പട്ടാമ്പി സീറ്റെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. തിരുവമ്പാടിക്ക് സമാനമായ വിജയസാദ്ധ്യത പട്ടാമ്പിയിലുമുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
അതേസമയം, സീറ്റ് വിട്ടുനൽകുന്നതിൽ കോൺഗ്രസ് ജില്ലാ, പ്രാദേശിക ഘടകങ്ങൾ ഉയർത്തുന്ന കടുത്ത എതിർപ്പിൽ ലീഗിന് ആശങ്കയുണ്ട്. പ്രതിഷേധം വിമത പ്രവർത്തനങ്ങളിലേക്ക് വഴിമാറില്ലെന്ന ഉറപ്പ് കോൺഗ്രസ് നൽകണമെന്നാണ് ലീഗിന്റെ നിബന്ധന.. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള കോൺഗ്രസിനകത്തെ ഉൾപ്പോരാണ് പട്ടാമ്പി രണ്ടു തവണയും കൈവിടാൻ കാരണമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. സീറ്റുകൾ വച്ചു മാറുന്നത് സംബന്ധിച്ച ചർച്ചകളുടെ തുടക്കത്തിൽ തിരുവമ്പാടി ഏറ്റെടുക്കാനുള്ള ആഗ്രഹം കോൺഗ്രസ് അറിയിച്ചെങ്കിലും ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ എതിർപ്പിൽ നീക്കം ഉപേക്ഷിച്ചിരുന്നു. സഭാപ്രതിനിധികൾ ഹൈക്കമാൻഡിനെ സമീപിച്ച് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർത്തിയതോടെയാണ് ലീഗുമായി വീണ്ടും ചർച്ച നടത്തിയത്. തിരുവമ്പാടി കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഏറെക്കാലമായി താമരശ്ശേരി രൂപത ആവശ്യപ്പെടുന്നുണ്ട്. ലീഗിന്റെ ബാനറിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കുകയെന്ന ഫോർമുല കോൺഗ്രസ് മുന്നോട്ടുവച്ചെങ്കിലും സഭാ നേതൃത്വത്തിന് ഇതിനോട് താത്പര്യമില്ല.
ആശങ്ക
കോൺഗ്രസിന്
തിരുവമ്പാടിക്ക് പകരം വയനാട്ടെ കൽപ്പറ്റയോ മലപ്പുറത്തെ തവനൂരോ വിട്ടുനൽകണമെന്നായിരുന്നു ലീഗിന്റെ ആദ്യ ആവശ്യം. ഇതിന് തയ്യാറാവാത്ത കോൺഗ്രസ് നേതൃത്വം ലീഗിന് കൂടി താത്പര്യമുള്ള സമവായമെന്ന നിലയിലാണ് പട്ടാമ്പിയിലേക്ക് എത്തിയത്. സഭയ്ക്ക് വേണ്ടി ലീഗിന്റെ സീറ്റ് പിടിച്ചു വാങ്ങിയെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാൽ മലബാറിലെ മറ്റു സീറ്റുകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാവുമോയെന്ന ഭയം കോൺഗ്രസിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |