പാലക്കാട്: എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് ഷൊർണൂരിൽ പ്രാദേശിക സഹായം ലഭിച്ചതിന്റെ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഷൊർണൂരും പട്ടാമ്പിയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. എൻ.ഐ.എയും ഷൊർണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പെട്രോൾ പമ്പിൽ ഇന്നലെയും പരിശോധന നടന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജീവനക്കാരോടും മാനേജരോടും വിവരങ്ങൾ ആരാഞ്ഞു. തെളിവെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കാണ് എത്തിയതെന്നാണ് സൂചന.
ഞായറാഴ്ച പുലർച്ചെ 4.30ന് കേരളത്തിലെത്തിയ ഷാരൂഖ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ് പ്രസിൽ കയറിയത് രാത്രി 7. 17നാണ്. പ്രതി 15 മണിക്കൂറാണ് ഷൊർണൂരിൽ കഴിഞ്ഞത്. റെയിൽവേ സ്റ്റേഷന് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ ഒരുകിലോമീറ്റർ അകലെയുള്ള കൊളഞ്ചേരിക്കുളത്തെ പെട്രോൾ പമ്പിലെത്തി 4 ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇതിനിടെ പലയിടത്തും ചെന്ന് പലരുമായും കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്. ഓങ്ങല്ലൂരിലെ കാരക്കോട് കോളനിയിൽ എത്തിയിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടത്തെ നാല് വീടുകളിൽ കഴിഞ്ഞ ദിവസം എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. പെട്രോൾ പമ്പിന് സമീപത്തെ കോളനിയിലും പരിശോധന നടത്തി.
റെയിൽവേ പാളത്തിൽ നിന്ന് കിട്ടിയ ഷാറൂഖിന്റെ ബാഗിൽ ഉണ്ടായിരുന്ന വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം പഴകിയിരുന്നില്ല. ഇവിടെ നിന്ന് ആരോ തയ്യാറാക്കി നൽകി എന്നാണ് സൂചന.
ഫോണുകൾ സ്വിച്ച് ഓഫ്
ഷാരൂഖ് സെയ്ഫി കേരളത്തിലെത്തി വിളിച്ച നമ്പരുകൾ എല്ലാം സ്വിച്ച് ഓഫാണെന്നാണ് സൂചന. കന്നാസിൽ പെട്രോൾ വാങ്ങി കുപ്പികളിലേക്ക് പകർന്ന സ്ഥലം ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതിയുടെ ടവർ ലൊക്കേഷനും റൂട്ടും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളുംകേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറാണ് പ്രെടോൾ പമ്പിൽ നിന്ന് 4 ലിറ്റർ പെട്രോൾ വാങ്ങിയ കാര്യം അന്വേഷണ സംഘത്തെ അറിയിച്ചത്. ഷൊർണൂർ സ്വദേശി രാജേഷ് സുഹൃത്തിനോട് വിവരം പങ്കുവയ്ക്കുകയും ഇയാൾ അന്വേഷണ സംഘത്തെ അറിയിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |