തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത സെപ്തംബറോടെ വർദ്ധിപ്പിക്കാനുള്ള സാങ്കേതിക നവീകരണം പൂർത്തിയാക്കും. നിലവിൽ മണിക്കൂറിൽ ശരാശരി 80 കിലോമീറ്ററാണ് വേഗത. . നടപ്പ് സാമ്പത്തിക വർഷത്തെ ലക്ഷ്യങ്ങളടക്കം നിശ്ചയിക്കാൻ ചേർന്ന റെയിൽവേ ഡിവിഷൻതല യോഗത്തിലാണ് തീരുമാനം.
സ്റ്റേഷനുകളിലെ ലൂപ്പ് ലൈനുകളുടെ ശേഷി മെയിൻ ലൈനിലേതിന് തുല്യമാക്കിയാണ് ശരാശരി വേഗത വർദ്ധിപ്പിക്കുക. ആദ്യഘട്ടത്തിൽ 31സ്റ്റേഷനുകളിലെ ലൂപ്പ് ലൈൻ വേഗത വർദ്ധിപ്പിക്കും. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകളെ കടത്തിവിടുന്ന നിലവിലെ സ്വിച്ചുകൾ മാറ്റി തിക്ക് വെബ് സ്വിച്ചുകളാക്കും. ഇതിലൂടെ ലൂപ്പ് ലൈനുകളിലേക്കും തിരിച്ച് മെയിൻ ലൈനിലേക്കും മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും.
ട്രാക്ക് സംവിധാനങ്ങൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാഫിക് സംവിധാനങ്ങൾ എന്നിവയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗും , റെയിലുകൾ 60 കിലോഗ്രാം വിഭാഗത്തിലേക്ക് പുതുക്കുന്നതും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂർത്തിയായി.
സമയനിഷ്ഠ
പാലിക്കും
വിവിധ സെക്ഷനുകളിൽ ചെറിയ വളവുകൾ ഒഴിവാക്കി ട്രെയിനുകളുടെ പരമാവധി അനുവദനീയ വേഗത ഇതിനകം വർദ്ധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ, ഭൂമി ഏറ്റെടുക്കാതെ തന്നെ ഒഴിവാക്കാൻ കഴിയുന്ന വളവുകളാണ് പരിഗണിക്കുന്നത്. ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനൊപ്പം സമയനിഷ്ഠ പാലിക്കുന്നതിന് നടപടിയെടുക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |