തിരുവനന്തപുരം: വിവിധ മേഖലകളിലെ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും 25നും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 18,25 തീയതികളിൽ വൈകിട്ട് 5.40നുള്ള എറണാകുളം-ഷൊർണൂർ പാസഞ്ചർ, 19ന് രാവിലെ 4.30നുള്ള ഷൊർണൂർ-എറണാകുളം പാസഞ്ചർ, രാവിലെ 6.50നുള്ള ഗുരുവായൂർ -എറണാകുളം പാസഞ്ചർ, രാവിലെ 5.20നുള്ള കോട്ടയം -എറണാകുളം പാസഞ്ചർ എന്നിവയുടെ സർവീസ് റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം, ചെന്നൈ - ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് വരെ, ചെന്നൈ - ഗുരുവായൂർ എക്സ് പ്രസ് ചാലക്കുടി വരെ, കാരയ്ക്കൽ - എറണാകുളം എക്സ്പ്രസ് പാലക്കാട് വരെ, മധുര - ഗുരുവായൂർ എക്സ്പ്രസ് ആലുവ വരെ എന്നീ സർവീസ് 18,25 തീയതികളിൽ ഭാഗികമായി റദ്ദാക്കും.
19നും 26നും സർവീസ്
തുടങ്ങുന്നതിലെ മാറ്റം
ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് വൈകിട്ട് 7.50ന് പാലക്കാട്ടുനിന്ന്, എറണാകുളം -കണ്ണൂർ എക്സ്പ്രസ് രാവിലെ 7.16ന് തൃശൂരിൽ നിന്ന്, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 5.20ന് എറണാകുളത്തുനിന്ന്, എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് പുലർച്ചെ 1.40ന് പാലക്കാട്ടുനിന്ന്, ഗുരുവായൂർ- മധുര എക്സ്പ്രസ് രാവിലെ 7.24ന് ആലുവയിൽ നിന്ന്.
റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസെടുത്തു. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെയും പ്രതി ചേർത്തിട്ടുണ്ട്. ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. നേരത്തെ കലോത്സവത്തിലെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിനെ ഉൾപ്പെടുത്തി റിപ്പോർട്ടർ ചാനൽ തയ്യാറാക്കിയ പരിപാടിയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് അരുൺകുമാറും സഹപ്രവർത്തകരും നടത്തിയ സംഭാഷണവുമാണ് കേസിന് ആധാരം. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബാലാവകാശ കമ്മിഷൻ ഇടപെട്ടത്. ചാനൽ മേധിവിയോടും ജില്ലാ പൊലീസ് മേധാവിയോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ചാനൽ ദൃശ്യങ്ങളിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞ ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടികൾ.
ബംഗാളി നടിയുടെ പരാതി:
കേസ് റദ്ദാക്കണമെന്ന്
രഞ്ജിത്തിന്റെ ഹർജി
കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന സംവിധായകൻ രഞ്ജിത്തിന്റെ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ ശരീരത്തിൽ എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് ദുരുദ്ദേശ്യത്തോടെ രഞ്ജിത് സ്പർശിച്ചെന്നാണ് പരാതി.
പത്തനംതിട്ട പീഡനം: നാലുപേർ കൂടി പിടിയിൽ
പത്തനംതിട്ട: കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാല് യുവാക്കളെ കൂടി അറസ്റ്റുചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 56 ആയി. ഇനി കിട്ടാനുള്ള നാല് പ്രതികളിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഒരാൾ ഇലവുംതിട്ട പൊലിസ് സ്റ്റേഷൻ പരിധിയിലും മറ്റൊരാൾ തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷൻ പരിധിയിലുമാണ്. സംഭവത്തിൽ പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലായി 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ മുതൽ 44 വയസിൽ താഴെയുള്ളവർ പ്രതികളാണ്.
കലോത്സവം: മാദ്ധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം: 63ാമത് കേരള സ്കൂൾ കലോത്സവം മാദ്ധ്യമ അവാർഡിന് വിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു. റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രാഫി, റൗണ്ട് അപ് തുടങ്ങിയവയ്ക്കുള്ള എൻട്രികൾക്ക് അതത് ഇനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പേജ് മാത്രം സമർപ്പിക്കണം. സമഗ്രകവറേജ്, ലേ ഔട്ട്, സപ്ലിമെന്റ് എന്നീ എൻട്രികൾക്കൊപ്പം പത്രം മുഴുവനായി അപേക്ഷയോടൊപ്പം ലഭ്യമാക്കണം. പത്ര കട്ടിങ്ങുകളും, ദൃശ്യമാദ്ധ്യമങ്ങളുടെ വീഡിയോ (പെൻ ഡ്രൈവിൽ), ഓൺലൈൻ സ്ക്രീൻഷോട്ട് പ്രിന്റുകൾ, ശ്രവ്യമാദ്ധ്യമങ്ങളുടെ ശബ്ദലേഖനം (പെൻഡ്രൈവിൽ) എന്നിവ സ്ഥാപനമേധാവികളുടെ കത്തും ചാനലിന്റെ സ്ലോട്ടുകളിൽ പ്രദർശിപ്പിച്ചുവെന്ന സാക്ഷ്യപത്രവും സമയക്രമം സഹിതം 3കോപ്പി വീതം തപാൽ മുഖേനയോ, നേരിട്ടോ 25ന് മുൻപ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അപേക്ഷ കവറിനുപുറത്ത് മാദ്ധ്യമ അവാർഡ് 2024-25, വിഭാഗം എന്നിവ രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |