തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മാനസികസംഘർഷം ഒഴിവാക്കാനാണിത്.
കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ല. നല്ല കഴിവുള്ളവരാണ് നമ്മുടെ അദ്ധ്യാപകർ. എന്നാൽ ചില രക്ഷിതാക്കൾക്ക് കുട്ടികളെ ട്യൂഷന് വിട്ടേ മതിയാകൂ. സ്കൂൾ സമയക്രമീകരണത്തെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ല പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണം.പരാതി ലഭിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസ് തുടങ്ങുന്നത് പല സമയങ്ങളിലാണ്.
എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങൾ ലക്ഷങ്ങളാണ് വാങ്ങുന്നത്. കുട്ടികളുടെ കോച്ചിംഗിന് വേണ്ടി കുടുംബസമേതം സ്ഥാപനങ്ങൾക്കരികെ വീടെടുത്ത് താമസിക്കുന്ന സ്ഥിതിയാണുള്ളത്. 90 ശതമാനത്തിന് മേൽ മാർക്കുള്ള കുട്ടികൾക്കാണ് പല കോച്ചിംഗ് സെന്ററുകളും അഡ്മിഷൻ പോലും നൽകുന്നത് അങ്ങനെ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം. കോച്ചിംഗ് സ്ഥാപനങ്ങളുടെ ഫീസ് സംബന്ധിച്ച് നിരവധി പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
30 കോടി അനുവദിച്ചു
തിരുവനന്തപുരം : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന് അധിവർഷാനുകൂല്യ വിതരണത്തിനായി 30 കോടി അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായി 80 കോടി 34 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
പത്ത് ശതമാനം മാർജിനൽ സീറ്റ് ; ഉത്തരവിറങ്ങി
തിരുവനന്തപുരം: സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്ക്, ആവശ്യമുള്ളപക്ഷം 10 ശതമാനം മാർജിനൽ സീറ്റ് അനുവദിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങി. സ്കൂളുകൾക്ക് യോഗ്യതയുണ്ടെന്ന് ഉറപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി.
മലപ്പുറം ജില്ലയിൽ നിന്നുള്ള അപേക്ഷകളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായിട്ടാവും സീറ്റ് വർദ്ധന അനുവദിക്കുക.
യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനമുറപ്പാക്കാൻ പത്താംക്ലാസ് ഫലപ്രഖ്യാപനത്തിന് മുൻപുതന്നെ മാർജിനൽ സീറ്റ് വർദ്ധന അനുവദിച്ചിരുന്നു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനയും കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെയും ആലപ്പുഴയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെയും സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനയുമാണ് അനുവദിച്ചിരുന്നത്. ഇത്തരത്തിൽ ആകെ 64,040 സീറ്റുകളാണ് ലഭ്യമാക്കിയത്. പുറമേയാണ് അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മാർജിനൽ സീറ്റ് അനുവദിക്കാനുള്ള തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |