മുഖ്യമന്ത്രിയുടെ യാത്ര കേന്ദ്രം വിലക്കി
ഉദ്യോഗസ്ഥ സംഘത്തിന് പോകാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ് എന്നിവർക്ക് കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ച അബുദാബി നിക്ഷേപക സംഗമത്തിന് ഗോൾഡ് സ്പോൺസർഷിപ്പ് എന്ന പേരിൽ കേരളത്തിന് ചെലവായത് ഒന്നേകാൽ കോടി രൂപ (1.5 ലക്ഷം ഡോളർ)!
അബുദാബിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ അവർ നടത്തുന്ന സംഗമത്തിന്റെ സംഘാടകർ അബുദാബി ഡിപ്പാർട്ട്മെന്റ് ഒഫ് ഇക്കണോമിക് ഡവലപ്മെന്റ് ആണ്. അവർക്ക് കേരളത്തിന്റെ സ്പോൺസർഷിപ്പ് പണം നൽകിയത് കെ.എസ്.ഐ.ഡി.സിയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും 7മുതൽ 11വരെയാണ് സന്ദർശനത്തിന് കേന്ദ്രാനുമതി തേടിയത്. 8 മുതൽ 10 വരെയാണ് പരിപാടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്നലെയാണ് സർക്കാരിന് കിട്ടിയത്. കേന്ദ്രാനുമതി കിട്ടാത്തതിനാൽ മുഖ്യമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ഏഴിന് അബുദാബിയിലും 10ന് ദുബായിയിലും ഒരുക്കിയിരുന്ന പൗരസ്വീകരണവും റദ്ദാക്കിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നും ഉദ്യോഗസ്ഥ സംഘത്തിന് പോകാമെന്നും വിദേശമന്ത്രാലയം അറിയിച്ചു. ചീഫ്സെക്രട്ടറി വി.പി.ജോയ്, ടൂറിസം, വ്യവസായം, ഐ.ടി സെക്രട്ടറിമാർ, ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവർ പോകും. എട്ട് സ്റ്റാർട്ട്അപ്പ് സംരംഭകരെയും കൊണ്ടുപോവും.
യു.എ.ഇ വാണിജ്യ സഹമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുടെ ക്ഷണക്കത്ത് സഹിതമാണ് കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അപേക്ഷ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പരിശോധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകേണ്ടെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രിയെ ഇടപെടുത്തി അനുമതി നേടാൻ സർക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രിയെ ക്ഷണിച്ച യു.എ.ഇ മന്ത്രി തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. അതേസമയം. ക്ഷണം അറിഞ്ഞിട്ടില്ലെന്നാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും വിദേശ മന്ത്രാലയത്തെ അറിയിച്ചത്.
പ്രളയകാലത്ത് യു.എ.ഇയുടെ 700കോടി സഹായം സ്വീകരിക്കുന്നത് കേന്ദ്രം തടഞ്ഞിരുന്നു.
കേരള പവലിയൻ
നിക്ഷേപ സംഗമത്തിൽ കേരള പവലിയൻ ഉണ്ടാവും. അതിൽ എട്ട് സ്റ്റാർട്ടപ്പുകൾ അണിനിരക്കും. ചർച്ചകൾ, സെമിനാറുകൾ, പ്രദർശനം എന്നിവയിൽ കേരള സംഘം പങ്കെടുക്കും. വ്യവസായികളുമായും നിക്ഷേപകരുമായും ചർച്ച നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വാഹനങ്ങൾ, ഗ്രാഫീൻ, ലോജിസ്റ്റിക്സ്, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം തേടുന്ന പദ്ധതികൾ കേരള സംഘം അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്റ്റാർട്ട്അപ്പുകൾക്ക് നിക്ഷേപം തേടുന്ന പദ്ധതികൾ ഐ.ടി സെക്രട്ടറിയും
മൺസൂൺ, ആയുർവേദ ടൂറിസത്തിന് അറബി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ടൂറിസം വകുപ്പും അവതരിപ്പിക്കും.
സംഗമത്തിൽ
170
രാജ്യങ്ങൾ
12,000
പ്രതിനിധികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |