തിരുവനന്തപുരം: കേരള സർവകലാശാലാ അക്കാഡമിക് കൗൺസിൽ യോഗത്തിൽ യു.ജി.സിക്കെതിരെ ഡോ.ആശാ പ്രഭാകരൻ കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നൽകാതെ വൈസ്ചാൻസലർ തള്ളി.
വി.സി നിയമനത്തിലടക്കം ഗവർണർക്ക് പൂർണ അധികാരം നൽകുന്ന യു.ജി.സിയുടെ കരടുനയം ഭരണഘടനാ വിരുദ്ധമാണെന്നും പിൻവലിക്കണമെന്നുമായിരുന്നു പ്രമേയം. ഭരണഘടനാ വിരുദ്ധമെന്ന വിശേഷണം തെറ്റിദ്ധാരണാജനകമാണെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നും വി.സി ഡോ.മോഹനൻ കുന്നുമ്മൽ യോഗത്തെ അറിയിച്ചു. സംസ്ഥാന ധനമന്ത്രിയുടെ ഭാര്യയാണ് ഡോ.ആശ പ്രഭാകരൻ.
അംഗങ്ങൾ ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കി. പ്രമേയം തള്ളിയതിന്റെ കാരണം ആരാഞ്ഞ് ഇടത് അംഗങ്ങളും യു.ജി.സിയെ അനുകൂലിച്ച് ബി.ജെ.പി സിൻഡിക്കേറ്റ് അംഗങ്ങളും ശബ്ദമുയർത്തി. ഒന്നര മണിക്കൂർ ബഹളം നീണ്ടു. ഇതിനിടെ നാലുവട്ടം ഡോ.ആശ എഴുന്നേറ്റ് പ്രമേയഭാഗങ്ങൾ വായിച്ചു. അത് രേഖയിലുണ്ടാവില്ലെന്ന് വി.സി അറിയിച്ചു. അതേസമയം, കരടുനയത്തിലെ ചട്ടം-11 പ്രകാരം യു.ജി.സി നയം അംഗീകരിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അഫിലിയേഷൻ പിൻവലിക്കാനും കോഴ്സുകൾ തടയാനും വ്യവസ്ഥയുണ്ട്. ഇത് പുനഃപരിശോധിക്കണമെന്ന് യു.ജി.സിയോട് ആവശ്യപ്പെടണമെന്ന് കൗൺസിലിൽ നിർദ്ദേശമുണ്ടായി. ഇക്കാര്യം മിനുട്ട്സിൽ രേഖപ്പെടുത്താൻ വി.സി നിർദ്ദേശിച്ചു. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ സിൻഡിക്കേറ്റംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. സർവകലാശാലയുടെ അധികാര പരിധിയിലല്ലാത്ത വിഷയങ്ങളിൽ പ്രമേയം പാടില്ലെന്ന ചട്ടപ്രകാരമാണ് പ്രമേയം തടഞ്ഞതെന്ന് വി.സി പിന്നീട് വിശദീകരിച്ചു.
എം.ജി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായ ഡോ.ആശ, സി.പി.എം അനുകൂല സർവീസ് സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) സജീവ പ്രവർത്തകയാണ്. നേരത്തേ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്തിരുന്നു.
പുതിയ യു.ജി.സി നിയമം
അശാസ്ത്രീയം:
അക്കാഡമിക് കൗൺസിൽ
തിരുവനന്തപുരം:വൈസ്ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ അശാസ്ത്രീയ നിർദ്ദേശങ്ങളടങ്ങുന്ന പുതിയ യു.ജി.സി റഗുലേഷൻ ഡ്രാഫ്റ്റിൽ കേരള സർവ്വകലാശാല അക്കാഡമിക് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് കൗൺസിൽ അംഗം ആശാപ്രഭാകരൻ അവതരിപ്പിച്ച പ്രമേയത്തിന് വൈസ്ചാൻസലർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് കൗൺസിലിൽ ശക്തമായ പ്രതിഷേധമുയർന്നു.
തുടർന്ന് യു.ജി.സി റഗുലേഷനിലെ അശാസ്ത്രീയ നിർദ്ദേശങ്ങളിൽ അക്കാഡമിക് കൗൺസിലിന്റെ ആശങ്ക യു.ജി.സിയെ ഘരേഖാമൂലം അറിയിക്കുമെന്ന്വൈസ്ചാൻസലർ വ്യക്തമാക്കി വൈസ് ചാൻസലറുടെ ഏകപക്ഷീയ തീരുമാനങ്ങളെ അക്കാഡമിക് കൗൺസിലിൽ പങ്കെടുത്ത മൂന്ന് പേർ ഒഴികെ എതിർത്തു..വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിന്റെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള മറുപടിയാണ് കൗൺസിലിന്റെ ശക്തമായ നിലപാടെന്ന് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ.ജി.മുരളീധരൻ പറഞ്ഞു.
ഗവർണർ ഇന്ന് എം.ജി
സർവകലാശാലയിൽ
കോട്ടയം : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് എം.ജി സർവകലാശാല സന്ദർശിക്കും. രാവിലെ 11ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സിൻഡിക്കേറ്റ് അംഗങ്ങളുമായി ഗവർണർ സംവദിക്കും.
സമഗ്ര ഗുണമേന്മാ
വിദ്യാഭ്യാസപദ്ധതി
ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കം. രാവിലെ 10:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയാകും.
പൊതുവിദ്യാഭ്യാസത്തിന്റെ അക്കാഡമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.ഇതിന്റെ തുടർച്ചയായി ജില്ലാ, പഞ്ചായത്ത്,സ്കൂൾ തലങ്ങളിൽ ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കും.
കേരള യൂണി. രജിസ്ട്രാർ നിയമനത്തിന് വിജ്ഞാപനം
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ നിയമനത്തിന് വിജ്ഞാപനമിറക്കാൻ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ചു. രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ 4വർഷ കാലാവധി 22ന് കഴിയും. പുനർ നിയമനം നൽകാൻ സിൻഡിക്കേറ്റിന്റെ ശുപാർശ ആവശ്യമുണ്ട്. 22ന് സിൻഡിക്കേറ്റ് യോഗവും ചേരുന്നുണ്ട്. നിയമനത്തിനുള്ള വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |