
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുന്ന സമയത്ത് പിടി തോമസിന് സമ്മർദമുണ്ടായിരുന്നെന്ന് ഭാര്യയും എംഎൽഎയുമായ ഉമ തോമസ്. അതിജീവിതയോട് ധൈര്യമായിരിക്കാനാണ് പിടി പറഞ്ഞത്. തന്റെ ഫോണിൽ നിന്നാണ് അദ്ദേഹം നടിക്ക് ഐജിയെ വിളിച്ചുകൊടുത്തതെന്നും ഉമ തോമസ് വ്യക്തമാക്കി.
മുൻ എംഎൽഎ പിടി തോമസ് കേസിലെ പ്രധാന സാക്ഷിയായിരുന്നു. മൊഴി കൊടുക്കേണ്ടെന്ന് ചിലർ പറഞ്ഞു. മറ്റു ചിലർ മൊഴി ശക്തമാക്കരുതെന്ന് പറഞ്ഞു. താൻ ഒന്നും കൂട്ടിപ്പറയില്ല, പക്ഷേ കുറച്ചുപറയാനും തയ്യാറല്ലെന്നായിരുന്നു പിടി നൽകിയ ഉത്തരം. അദ്ദേഹം ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഉമ തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആ സമയത്ത് പിടിയുടെ കാറിന്റെ നാല് വീലുകളുടെയും ബോൾട്ട് അഴിച്ചുമാറ്റിയതിൽ ഇന്നും സംശയങ്ങളുണ്ടെന്നും ഉമ തോമസ് പറഞ്ഞു. വധശ്രമമാണെന്നാണ് സംശയിക്കുന്നതെന്നും അതിജീവിതയെ മകളെപ്പോലെ കണ്ടാണ് കേസിൽ ഇടപെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവം നടന്ന രാത്രിയെക്കുറിച്ചും ഉമ തോമസ് തുറന്നുപറഞ്ഞു. അന്ന് പിടി വീട്ടിൽ വന്ന് കിടന്നതേയുള്ളൂ. പതിനൊന്നരയോടെ ഫോൺ വന്നു. മുഖം വല്ലാതെയായി. ഒരിടംവരെ പോകുകയാണെന്നും പറഞ്ഞ് ഇറങ്ങി. തിരിച്ചുവന്നപ്പോഴും പിടി അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടേയില്ലെന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം, കേസിൽ ഡിസംബർ എട്ടിനാണ് വിചാരണക്കോടതി വിധിപറയുക. പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനി ഒന്നാംപ്രതിയും നടൻ ദിലീപ് എട്ടാംപ്രതിയുമായ കേസിൽ എട്ടരവർഷത്തിനുശേഷമാണ് തീർപ്പുണ്ടാകുന്നത്. 10 പ്രതികളുള്ള കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രത്യേക ജഡ്ജി ഹണി എം. വർഗീസാണ് വിചാരണ പൂർത്തിയാക്കി വിധിപറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |