തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ വിലങ്ങണിയിച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പണ്ടൊക്കെ തങ്ങളെല്ലാം പൊറുക്കുമായിരുന്നുവെന്നും ചെവിയിൽ നുള്ളിക്കോയെന്നും വി ഡി സതീശൻ പറഞ്ഞു.
'കെഎസ്‌യു നേതാക്കളെ കയ്യാമംവച്ച് തലയിൽ കറുത്ത തുണിയിട്ടാണ് കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത്. അവർ തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? കേരളത്തിലെ പൊലീസ് എവിടേക്കാണ് പോകുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്നവരാണ്. അവർക്ക് പാർട്ടി സംരക്ഷണം നൽകുന്നു. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് കെഎസ്‌യുക്കാരെ കള്ളക്കേസിൽ കുടുക്കി തീവ്രവാദികളെയും കൊടുംകുറ്റവാളികളെയും പോലെ കൊണ്ടുവന്നത്.
രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയിൽ നുള്ളിക്കോ, പണ്ടൊക്കെ ഞങ്ങൾ പൊറുക്കുമായിരുന്നു. ഇനി എല്ലാം ഓർത്തുവയ്ക്കും. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ല. അത്രമാത്രം തോന്നിവാസവും അസംബന്ധവുമാണ് ഇവർ കാണിക്കുന്നത്. എവിടെയാണ് മുഖ്യമന്ത്രി? എത്ര സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്? ഒരു ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. കേരളത്തിലെ പൊലീസിനെ തീവ്രവാദികളെപ്പോലെയാക്കി മാറ്റി. പാർട്ടിക്കാരുടെ തോന്നിവാസത്തിന് കൂട്ടുനിൽക്കാൻ കേരള പൊലീസിനെ തകർത്ത് തരിപ്പണമാക്കി. ഇതിന് നിങ്ങളെക്കൊണ്ട് ഉത്തരം പറയിപ്പിക്കും'- വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം, നേതാക്കളെ വിലങ്ങണിയിച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ്‌യു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതും സംഘർഷത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |