
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ പാർപ്പിച്ചത് അധിക സൗകര്യങ്ങളൊന്നും നൽകാതെ. സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിനും നൽകിയത്. കട്ടിലും ഫാനും നൽകിയിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണത്തിനും അനുമതി നൽകിയിരുന്നു.
വിചാരണ കാത്ത് ജയിലിൽ കഴിയുന്ന പ്രതികളാണ് റിമാൻഡ് പ്രതികൾ. അന്വേഷണം പൂർത്തിയാക്കാൻ 24 മണിക്കൂറിൽ കൂടുതൽ സമയം ആവശ്യമായി വരുമ്പോൾ ഇവരെ കസ്റ്റഡിയിൽ വയ്ക്കാൻ കോടതി നൽകുന്ന ഉത്തരവാണ് റിമാൻഡ്. റിമാൻഡ് തടവുകാർക്ക് നിയമപരമായി ചില പ്രത്യേക പരിഗണനകളും അവകാശങ്ങളുമുണ്ട്. സാധാരണ തടവുകാരിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്. ഇവർക്ക് ജയിലിലെ ജോലികളൊന്നും ചെയ്യേണ്ടതുമില്ല. ശിക്ഷിക്കപ്പെട്ടവരുമായി സമ്പർക്കം ഉണ്ടാകാത്ത തരത്തിലായിരിക്കും ഇവരെ പാർപ്പിക്കുക.
അതേസമയം, ജയിലിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒബ്‌സർവേഷൻ വാർഡിലേക്ക് മാറ്റി. രാവിലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ തന്ത്രി ഇന്നലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് തന്ത്രിയെ ജയിലിൽ എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |