
തിരുവനന്തപുരം: മുസ്ലീം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലുണ്ടാക്കി രണ്ട് സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ തന്ത്രമാണ് എ.കെ ബാലനും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്നത് സംഘപരിവാർ അജണ്ട ഇന്ത്യയിൽ എല്ലായിടത്തും നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രചരണമാണ്. നാലു പതിറ്റാണ്ട് ഇടതുപക്ഷത്തെ ജമാഅത്തെ ഇസ്ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് അവരാണോ ഭരിച്ചിരുന്നത്? ബി.ജെ.പി ഗുജറാത്തിൽ നടത്തിയതിനേക്കാൾ മോശം പ്രസ്താവനയാണ് ബാലൻ നടത്തിയത്. . വെള്ളാപ്പള്ളി നടേശനും എ.കെ ബാലനും നടത്തിയ പ്രസ്താവനകൾ കൂട്ടിവായിച്ചാൽ അത് മനസിലാകും.വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിർത്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വം എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ?.. ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിനിടയിലാണ് ബി.ജെ.പിയും സംഘപരിവാറും നടത്തുന്നതിന് സമാനമായ വർഗീയ കാമ്പയിൻ സി.പി.എം ഏറ്റെടുത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ബാലൻ വർഗീയത പറയുന്നു: കെ.സി
എ.കെ.ബാലൻ പച്ചയ്ക്ക് വർഗീയത പറയുന്നതായി എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റു കഴിഞ്ഞാൽ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയാണ് നടപടിയെടുക്കേണ്ടത്. എന്നാൽ കുരുടൻ ആനയെ കണ്ടതുപോലെയാണ് സി.പി.എം നേതാക്കളുടെ സ്ഥിതി. ആലപ്പുഴ നഗരസഭയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ സ്ഥിരം സമിതി നേടിയ സി.പി.എമ്മാണ് കോൺഗ്രസിനെതിരെ പറയുന്നത്. ശബരിമല സ്വർണക്കൊള്ള കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലന്റെ പ്രചാരണം ബി.ജെ.പിക്ക് വേണ്ടി: ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിയുടെ കൈയ്യിലായിരിക്കുമെന്ന എകെ ബാലന്റെ പരാമർശം വർഗീയ ചേരിതിരിവുണ്ടാക്കാനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ബി.ജെ.പിയുടെ സ്വരവും ഭാഷയുമാണ് ബാലന്. കേരളത്തിൽ ഇതിനുമുമ്പും യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയിട്ടുണ്ട്.അപ്പോൾ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണം.
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സിപിഎമ്മിന്റെ മൂന്നു പ്രധാനപ്പെട്ട നേതാക്കൾ ഇപ്പോൾ ജയിലിലാണ്. പത്മകുമാറിനെതിരെ എസ്.ഐ.ടി നൽകിയ റിപ്പോർട്ട് വളരെ ഗൗരവതരമാണ്. സ്വർണം മുഴുവൻ അടിച്ചു കൊണ്ടു പോകാൻ എല്ലാ ഒത്താശയും ചെയ്തത് പത്മകുമാറാണെന്നാണ് റിപ്പോർട്ടിലുള്ളത്.സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര ബന്ധങ്ങളും അന്തർസംസ്ഥാന ബന്ധങ്ങളും പുറത്തുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണം. അതിന് കോടതിയുടെ മേൽനോട്ടവും അനിവാര്യമാണെന്ന്
അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |