തിരുവനന്തപുരം: ഗവർണർ നിയമിച്ച വൈസ്ചാൻസലർമാർ ഔദ്യോഗിക വാഹനവും വസതിയും ഉപയോഗിക്കുന്നതിനും യാത്രാബത്ത എഴുതിയെടുക്കുന്നതിനും തടയിട്ട് സർക്കാർ. ലോക്കൽ ഫണ്ട് ഓഡിറ്റ്‌വിഭാഗം ഇത്തരം ബില്ലുകളിലും ധനവിനിയോഗത്തിലും എതിർപ്പ് ഉന്നയിക്കുകയാണ്. ഗവർണർ നിയമിച്ച ഇവർ താത്കാലിക വി.സിമാരാണെന്നും സ്ഥിരം വി.സിമാർക്കുള്ള സാമ്പത്തിക അധികാരം ഉപയോഗിക്കാനാവില്ലെന്നുമാണ് നിലപാട്. വി.സിയെന്ന നിലയിൽ വിദേശയാത്രകൾ നടത്തുന്നതിനും ഓഡിറ്റ്‌വിഭാഗം എതിർപ്പുന്നയിച്ചിട്ടുണ്ട്.
സർവകലാശാലകളിൽ പത്തുവർഷത്തിലേറെ പരിചയമുള്ള പ്രൊഫസർമാരെയാണ് ഗവർണർ വി.സിയായി നിയമിച്ചിട്ടുള്ളത്. ഇവർക്ക് തുടർന്നും ശമ്പളം നൽകുന്നത് മാതൃസർവകലാശാലയാണ്. എന്നാൽ, അവിടത്തെ വിരമിക്കൽ പ്രായമായാൽ പിന്നീടുള്ള ശമ്പളം നൽകേണ്ടത് വി.സി പദവി വഹിക്കുന്ന സർവകലാശാലയാണ്. ആ ഘട്ടത്തിൽ ശമ്പളം അനുവദിക്കുന്നില്ല.
വി.സിമാർ ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. യു.ജി.സിചട്ടപ്രകാരം താത്കാലിക വി.സി ഇല്ലെന്നും സ്ഥിരം, താത്കാലികം എന്നിങ്ങനെ വേർതിരിവ് പാടില്ലെന്നും ഗവർണർ നിലപാടെടുത്തു. യു.ജി.സി യോഗ്യതയുള്ളവരെയാണ് വി.സിയാക്കിയിരിക്കുന്നത്. അവരുടെ സാമ്പത്തിക അധികാരങ്ങൾ തടയാൻ സർക്കാരിന് അധികാരമില്ലെന്നുമാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി രാജ്ഭവൻ ഉടൻ ഉത്തരവ് പുറപ്പെടുവിക്കും.
ആരോഗ്യസർവകലാശാലയൊഴികെ എല്ലായിടത്തും താത്കാലിക വി.സിമാരാണ്. ഡിജിറ്റൽ,സാങ്കേതിക വി.സി നിയമനത്തിന് സുപ്രീംകോടതി നേരിട്ട് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെങ്കിലും യു.ജി.സി പ്രതിനിധിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ വ്യക്തതാഹർജി നൽകിയിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അക്കാഡമിക് പ്രവർത്തനങ്ങളെയും ബാധിച്ചിട്ടും ഇരുപക്ഷവും പോര് തുടരുകയാണ്.
നിയമിക്കുന്നതും ശമ്പളം
നിശ്ചയിക്കുന്നതും ഗവർണർ
വൈസ്ചാൻസലർമാരെ നിയമിക്കാനും അവരുടെ ശമ്പളം നിശ്ചയിക്കാനും അധികാരം ചാൻസലറായ ഗവർണർക്കാണ്. ശമ്പളഉത്തരവും പുറപ്പെടുവിക്കാം.
എന്നാൽ ഇതിനുള്ള ശുപാർശ സർക്കാരിലേക്കയച്ച് ധനവകുപ്പിന്റെ അനുമതിയോടെ ഉത്തരവിറക്കുന്നതാണ് കീഴ്‌വഴക്കം.
പ്രൊഫസർമാരെ വി.സിയാക്കുമ്പോൾ ശമ്പളം അവരുടെ മാതൃസർവകലാശാലകൾ തന്നെയാണ് നൽകുന്നത്.
മറ്റിടങ്ങളിൽ സർവകലാശാലകളുടെ തനത്ഫണ്ടിൽനിന്ന് ബോർഡ്ഒഫ് ഗവേണേഴ്സിനും സിൻഡിക്കേറ്റിനും വി.സിയുടെ ശമ്പളം അനുവദിക്കാം.
ഓപ്പൺ വി.സിക്ക് 18മാസമായി ശമ്പളമില്ല
ഓപ്പൺ സർവകലാശാലാ വി.സി ഡോ.വി.പി.ജഗതിരാജിന് 18 മാസമായി ശമ്പളമില്ല. കുസാറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം വിരമിച്ചശേഷം വി.സിയെന്ന നിലയിലുള്ള ശമ്പളം കിട്ടിയിട്ടില്ല. രാജ്ഭവൻ ശുപാർശ നൽകിയിട്ടും സർക്കാർ തടയുകയായിരുന്നു. ശമ്പളം അനുവദിക്കാനുള്ള ഫയലിന് ഉടൻ അംഗീകാരം ലഭിക്കുമെന്നറിയുന്നു. ഡിജിറ്റൽ വി.സി ഡോ.സിസാതോമസിന് ബോർഡ് ഒഫ് ഗവേണേഴ്സ് ശമ്പളം അനുവദിക്കുകയായിരുന്നു.
₹2,50,000
വൈസ്ചാൻസലറുടെ ശരാശരി ശമ്പളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |