തിരുവനന്തപുരം: ഡിജിറ്റൽ ,സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൂർത്തിയാക്കി ജസ്റ്റിസ് സുധാംശു ധൂലിയ സമിതി പാനൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് സീൽ വച്ച കവറിൽ കൈമാറി. പാനലിൽ നിന്നും മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം അനുസരിച്ച് വി.സിയെ ഗവർണർ നിയമിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സുപ്രീം കോടതി വിധിയെത്തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വി.സി പദവി ഒഴിയേണ്ടിവന്ന ഡോ.എം.എസ്.രാജശ്രീയുടെ പേര് സാങ്കേതിക സർവകലാശാല വി.സി പാനലിലും, ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയെങ്കിലും കോടതി ഇടപെടലിലൂടെ കാലാവധി പൂർത്തിയാക്കിയ ഡോ.സജി ഗോപിനാഥിന്റെ പേര് ഡിജിറ്റൽ വി.സി പാനലിലും കമ്മിറ്റിയിലെ സർക്കാർ നിർദ്ദേശിച്ച അംഗങ്ങളുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്.
എം.എസ്.രാജശ്രീ രണ്ട് വി.സിമാരുടെ ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും സജി ഗോപിനാഥ് ഡിജിറ്റൽ വി.സി അഭിമുഖത്തിൽ മാത്രമാണ് പങ്കെടുത്തത്. ഗവർണർ താത്കാലിക വി.സിമാരായി നിയമിച്ച ഡിജിറ്റൽ, സാങ്കേതിക, കണ്ണൂർ സർവകലാശാലകളിലെ വി.സിമാരായ ഡോ.സിസാ തോമസ്, ഡോ.കെ.ശിവപ്രസാദ്, ഡോ.സാജു , ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ, എൻ.ഐ.ടി, കൊച്ചി, കേരള, ഡൽഹി സർവകലാശാലകളിലെ പ്രൊഫസർമാർ എന്നിവരുൾപ്പെടെ 64 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
സർക്കാർ മുൻഗണന നിശ്ചയിച്ച് പാനൽ ഗവർണർക്ക് സമർപ്പിച്ചാലും, വി.സി നിയമനത്തിൽ സർക്കാരിന് യാതൊരു പങ്കുമുണ്ടാകാൻ പാടില്ലെന്നും, യു.ജി.സി പ്രതിനിധിയെ ഒഴിവാക്കിയുള്ള സേർച്ച് കമ്മിറ്റി നിയമപരമല്ലെന്നും, ഇവ സുപ്രീം കോടതി ഫുൾ ബെഞ്ച് വിധികൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗവർണർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി
നൽകിയിട്ടുണ്ട്.ഇതിൽ തീരുമാനമാകാതെ വി.സി നിയമന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |