തിരുവനന്തപുരം: ശബരിമല സ്വർണ്ണത്തട്ടിപ്പ് വിഷയത്തിൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജി വയ്ക്കുക, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
2019ൽ നടന്ന സംഭവത്തെക്കുറിച്ച് 2022ൽ ദേവസ്വം ബോർഡിനും സർക്കാരിനും അറിവുണ്ടായിരുന്നു. ഇപ്പോൾ നടത്തിയ ഇടപെടലിലൂടെയാണ് ഹൈക്കോടതിക്ക് ഇക്കാര്യം മനസിലായത്. തെളിവുകളെല്ലാം മുന്നിലുള്ളപ്പോഴാണ് സർക്കാരും ദേവസ്വം ബോർഡും ഒരു ക്രിമനൽ നടപടിക്രമങ്ങളും സ്വീകരിക്കാതെ സ്വർണ മോഷണം മറച്ചു വച്ചത്. രണ്ട് കൂട്ടരും കള്ളക്കച്ചവടത്തിൽ പങ്കാളികളാണെന്നാണ് അതിനർത്ഥം. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണ് ഉത്തരവാദിയെങ്കിൽ 2019ലെയും 2022ലെയും മഹസർ അനുസരിച്ച് അയാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാതിരുന്നത് എന്തു കൊണ്ടാണ്?. സ്വർണം കവർച്ച ചെയ്തെന്ന് ബോദ്ധ്യമായിട്ടും അതേ സ്‌പോൺസറെ 2025ൽ സ്വർണം പൂശുന്നതിന് വീണ്ടും വിളിച്ചു. എല്ലാം കൂട്ടുകച്ചവടമാണ്. 30 കിലോയിൽ അധികം യു.ബി ഗ്രൂപ്പ് നൽകിയതിൽ നാലു കിലോയല്ല, അതിൽ കൂടുതൽ കാണാതെ പോയിട്ടുണ്ട്.
കാലാകാലങ്ങളായി ഒരു വിവാദവുമുണ്ടാക്കാതെ യു.ഡി.എഫ് സർക്കാരുകൾ കൈകാര്യം ചെയ്ത ശബരിമലയും അവടത്തെ അനുഷ്ഠാനങ്ങളു ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് രാഷ്ട്രയ വിവാദത്തിലാക്കിയതെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.തന്നെപ്പോലെ കോടിക്കണക്കിന് അയ്യപ്പ ഭക്തർ ഇപ്പോഴത്തെ വിവാദത്തിൽ ദുഖിതരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പന്റെ മുതൽ അടിച്ചു മാറ്റുന്ന സംഭവമുണ്ടായിട്ട് ഇതു വരെ മുഖ്യമന്ത്രി വായ് തുറന്നിട്ടില്ല. കള്ളന്മാർക്കും കൊള്ളക്കാർക്കും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |