
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ എന്തിനാണ് ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാൻ എസ്.ഐ.ടി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് മന്ത്രിമാർ നിയമസഭയിൽ ആരോപണമുന്നയിച്ചത്. കോടതിയെയാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്ന ആക്ഷേപവും ഉന്നയിച്ചു. തന്ത്രിക്ക് ജാമ്യം അനുവദിച്ച കോടതിയെ വിമർശിച്ചത് നിയമ മന്ത്രിയാണ്. തന്ത്രി എന്ത് കുറ്റകൃത്യമാണ് ചെയ്‌തെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തന്ത്രി 40 ദിവസം ജയിലിൽ കിടന്നതിനു ശേഷമാണ് തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി പറഞ്ഞത്. തന്ത്രി അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് സി.പി.എം അവകാശപ്പെട്ടത്. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായിയെന്നാണ് സി.പി.എം സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഇപ്പോൾ അതൊന്നും കാണുന്നില്ല. ഇപ്പോഴത്തെ മന്ത്രിക്കും മുൻ മന്ത്രിക്കുമെതിരെ ആരോപണം ഉയരുകയും മൂന്ന് നേതാക്കൾ ജയിലിൽ കിടക്കുകയും സി.പി.എം പ്രതിക്കൂട്ടിലാകുകയും ചെയ്‌തപ്പോഴാണ് തന്ത്രിയിലേക്ക് അന്വേഷണം പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |