കൊച്ചി: വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന ഡോക്ടറായ യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യംതേടി റാപ്പ് ഗായകൻ വേടൻ (ഹിരൺദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്റെ വാദം. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി 18ന് പരിഗണിക്കും.
തന്നെ അപകീർത്തിപ്പെടുത്താൻ ഒരു സംഘമാളുകൾ നടത്തുന്ന സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്റെ ഹർജിയിൽ പറയുന്നു. പീഡനപരാതി നൽകുമെന്ന ഭീഷണി സന്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തനിക്കും മാനേജർക്കും ഫോണിൽ ലഭിക്കുന്നുണ്ടായിരുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നാണ് വേടന്റെ ആവശ്യം.
അതേസമയം, കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന
സുഹൃത്തുക്കളെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുക്കും. പ്രാഥമിക അന്വേഷണങ്ങൾക്കും തെളിവ് ശേഖരണത്തിനുംശേഷം വേടനെ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |