കൊച്ചി: മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ക്വാളിഫൈഡ് സോഫ്‌റ്റ്‌വെയർ എൻജിനിയറും സ്വതന്ത്ര വനിതാസംരംഭകയുമായ തന്നെ, മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ താറടിക്കാൻ ലക്ഷ്യമിട്ടാണ് ഹർജിയെന്ന് വീണ ആരോപിക്കുന്നു. മുഖ്യമന്ത്രി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിന് സമാനമാണ് മകളുടേയും മറുപടി.
എക്സാലോജിക് ബിനാമി കമ്പനിയല്ല. തന്റെ ബിസിനസിൽ പിതാവോ, ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ല. റിയാസിന്റെ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ അദ്ദേഹം വെളിപ്പെടുത്തിയ ആസ്തിവിവരങ്ങളിൽ തന്റെ സ്വത്തുക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതിവകുപ്പിനും കണക്കുകൾ കൈമാറിയിരുന്നു. അത് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികളുണ്ട്. പൊതുതാത്പര്യ ഹർജിയല്ല മാർഗമെന്നും വീണ വ്യക്തമാക്കുന്നു. കേസിൽ എക്സാലോജിക് 13-ാം എതിർകക്ഷിയും ഏക ഡയറക്ടറായ വീണ 14-ാം കക്ഷിയുമാണ്.
എക്സാലോജിക് ഡയറക്ടറുടെ വിലാസമായി തിരുവനന്തപുരം എ.കെ.ജി സെന്ററിന്റെ വിലാസം നൽകിയെന്നും ഇതിന് കർണാടക ഹൈക്കോടതിയുടെ വിമർശനമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇത് ഹർജിക്കാരന്റെ ഭാവനയാണ്. കൊവിഡുകാലത്ത് തന്റെ കമ്പനിയുടെ ബംഗളൂരുവിലെ രജിസ്ട്രേഡ് ഓഫീസ് സജീവമായിരുന്നില്ല. ഇതിന്റെ പേരിൽ രജിസ്ട്രാർ ഒഫ് കമ്പനീസ് ഒരുലക്ഷം രൂപവീതം പിഴയിട്ടിരുന്നു. അപ്പീലിൽ ഇത് 20,000 രൂപയായി കുറയ്ക്കുകയും ചെയ്തു. വിഷയത്തിൽ എ.കെ.ജി സെന്ററിന്റെ പേര് കൂട്ടിക്കെട്ടിയതിനുപിന്നിൽ പൊതുതാത്പര്യമല്ല. തന്നേയും പിതാവിനേയും ഉന്നമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കങ്ങളാണ്.
സി.എം.ആർ.എൽ -എക്സാലോജിക് സാമ്പത്തിക ഇടപാടിലടക്കം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ ഹർജിയിലാണ് വിശദീകരണം. ഇതേ ആരോപണത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരുന്നതിനിടെ സമാന്തര അന്വേഷണം നിലനിൽക്കില്ലെന്നാണ് വീണയുടെ പ്രധാനവാദം. ഹർജിയിലെ ആരോപണങ്ങൾക്ക് തെളിവുകളോ വസ്തുതകളോ ഇല്ല. ഊഹങ്ങളാണ് അടിസ്ഥാനമെന്നും എതിർ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. ഹൈക്കോടതി 17നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും വീണയുമടക്കം എതിർകക്ഷികൾക്ക് നേരത്തേ നോട്ടീസയച്ചിരുന്നു.
സിവിൽ തർക്കം; സി.ബി.ഐ
അന്വേഷണം നിയമപരമല്ല
* ഹർജിയിലെ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷണം നിർദ്ദേശിക്കാൻ പ്രഥമദൃഷ്ട്യാ വസ്തുതകളില്ല
* ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവാണ് ഹർജിക്കാരൻ ആധാരമാക്കുന്നത്. ഇത് സിവിൽ തർക്കത്തിന്റെ ഗണത്തിലുള്ളതാണ്. അതിനാൽ ക്രിമിനൽ അന്വേഷണാവശ്യം നിയമപരമല്ല
* മാത്യു കുഴൽനാടൻ എം.എൽ.എ, ഗിരീഷ്ബാബു എന്നിവർ ഈ വിഷയങ്ങളിൽ നൽകിയ ഹർജികൾ വിജിലൻസ് കോടതികൾ തള്ളിയതാണ്. ഹൈക്കോടതി ഇത് ശരിവച്ചതുമാണ്
* സി.എം.ആർ.എല്ലുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഓൺലൈനാണ്. ഇതിന്റെ കണക്കുകൾ നികുതിവകുപ്പിന് സമർപ്പിച്ചതുമാണ്
* എസ്.എഫ്.ഐ.ഒ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. അതിൽ ന്യായമായ വിചാരണ നേരിടാനുള്ള തന്റെ അവകാശങ്ങൾ ഹനിക്കുന്നതാണ് ഈ ഹർജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |