പറവൂർ: നവോത്ഥാന സമരഭൂമിയായ കേരളം ഇന്നും ജാതിയിലും മതത്തിലും അധിഷ്ഠിതമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിൽ ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിഭാഗത്തിലും ജാതി ചിന്ത കൂടി വരുകയാണ്. ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാകുന്നത്. സാമൂഹ്യനീതി എല്ലാവർക്കും ലഭ്യമാകണം. ഒരു സമുദായത്തിന്റെ ഉയർച്ചയ്ക്ക് വിദ്യാഭ്യാസവും സമ്പത്തും വേണം. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പകുതിയും ചെലവഴിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് സർക്കാരിന് ഒരു പങ്കുമില്ല. എന്നാൽ ശമ്പളം കൊടുക്കുന്നത് സർക്കാർ. ഈ സമ്പ്രദായം ലോകത്ത് ഒരിടത്തുമില്ല. അടിസ്ഥാന വിഭാഗങ്ങൾക്ക് ഇതിൽ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ആകെ കിറ്റും പെൻഷനും തൊഴിലുറപ്പും മാത്രം. ഇവർ സാമ്പത്തികമായും സാമൂഹികമായും ഉയരണം. ഇതിനായി സമൂഹ്യനീതി ഉറപ്പാക്കണം. വൈക്കം സത്യഗ്രഹത്തിന് കാരണമായത് ഗുരുവിനെ വഴിതടഞ്ഞതാണ്. ഇതിനെതിരെയുള്ള ടി.കെ. മാധവന്റെ വികാരമാണ് വൈക്കം സത്യഗ്രഹത്തിന് തുടക്കം. ഈ സത്യം തുറന്നു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് . മറ്റുള്ളവർക്ക് ഇത് അറിയാമെങ്കിലും വോട്ട് നഷ്ടപ്പെടുമോയെന്ന് ഭയന്ന് പറയുന്നില്ല. എസ്.എൻ.ഡി.പി യോഗം രൂപീകരിക്കാനുള്ള പ്രേരണശക്തിയായത് ഡോ. പല്പുവിനെ ജാതിയുടെ പേരിൽ ആട്ടിയോടിച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |