ചെമ്പഴന്തി: ശ്രീനാരായണഗുരുദേവന്റെ ദർശനവും സന്ദേശവും പഠിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഈശ്വരീയത കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരു വിപ്ളവകാരിയും സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമൊക്കെ ആയിരിക്കുമ്പോൾ തന്നെ ഈശ്വരനുമാണ്. ഗുരുദർശനം ഈശ്വരാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണഗുരുകലത്തിൽ ഗുരുകുല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ആത്മീയ അടിത്തറയിൽ നിന്നുകൊണ്ടുവേണം ഭൗതികമായി വളരാനും ഉയരാനും. ഗുരുവിന്റെ ആത്മീയ ദർശനം പ്രാവർത്തികമാക്കാൻ ശ്രീനാരായണധർമ്മസംഘം ട്രസ്റ്രും ഭൗതികമായ പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പിയോഗവുമുണ്ട്. യോഗം സമരസംഘടനകൂടിയാണ്. നിവർത്തന പ്രക്ഷോഭത്തിനും വൈക്കം സത്യഗ്രഹത്തിനും നേതൃത്വം കൊടുത്ത സംഘടനയാണ്. ഗുരു ഈശ്വരനല്ലെന്നൊക്കെ വാദിക്കുന്നവരുണ്ട്. ക്രിസ്തുവും മുഹമ്മദ് നബിയും ബുദ്ധനുമൊക്കെ ആരായിരുന്നു. അവർ എങ്ങനെ ദൈവങ്ങളായി. കർമ്മശുദ്ധിയിലൂടെയും തപഃശുദ്ധിയിലൂടെയുമാണ് അവർ ദൈവങ്ങളായത്. ശ്രീനാരായണഗുരുവിന്റെ കാര്യവും വ്യത്യസ്തമല്ല. പക്ഷേ, ഗുരുവിന്റെ ഈശ്വരീയതയെ പലപ്പോഴും മറക്കുന്നു. ഗുരു ഈശ്വരനാണെന്ന് കുണ്ഡലിനിപ്പാട്ടിൽ വ്യക്തമാക്കുന്നുണ്ട്. താനും ദൈവവും ഒന്നായിത്തീർന്നുവെന്ന് ആത്മവിലാസത്തിലും എഴുതിയിട്ടുണ്ട്. ഗുരുദേവ കൃതികളിലൂടെ സഞ്ചരിച്ചെങ്കിലേ ഗുരുദേവനെ അറിയാൻ സാധിക്കൂ. അദൃശ്യ ശക്തിയായി ഗുരു ഇപ്പോഴും നിലനിൽക്കുകയാണ്.
ഗുരുദേവൻ സ്ഥാപിച്ച യോഗവും ധർമ്മസംഘം ട്രസ്റ്റും യോജിച്ച് മുന്നോട്ടു പോകണം. ഇടതുപക്ഷ സർക്കാർ യോഗത്തിനും ട്രസ്റ്റിനും കാരുണ്യപരമായ സഹായങ്ങൾ നൽകിവരുന്നത് നന്ദിപൂർവം സ്മരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഗുരുദർശനം പിൻപറ്റിയാണ് കഴിഞ്ഞ ഒമ്പതു വർഷങ്ങളായി ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചൂണ്ടിക്കാട്ടി. ഗുരുദർശനത്തിന്റെ പ്രാധാന്യം ആധുനിക സമൂഹം നല്ലപോലെ തിരിച്ചറിയുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ,വി.കെ.പ്രശാന്ത് എം.എൽ.എ, നഗരസഭ കൗൺസിലർ ചെമ്പഴന്തിഉദയൻ, എസ്.എൻ.ഡി.പിയോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, എസ്.എൻ.ഡി.പിയോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ, സ്വാമി അഭയാനന്ദ എന്നിവർ പങ്കെടുത്തു. 11 വയസിനുള്ളിൽ ഗുരുദേവചരിത്ര പ്രഭാഷണത്തിൽ 90 വേദികൾ പൂർത്തിയാക്കിയ മലയാറ്റൂർ സ്വദേശി കുമാരി എസ്. ഗൗരിനന്ദയെ വെള്ളാപ്പള്ളി നടേശൻ അനുമോദിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഷൈജുപവിത്രൻ ചെമ്പഴന്തി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |