കൊല്ലം: അനീതി ചൂണ്ടിക്കാട്ടുമ്പോൾ താൻ ജാതി പറയുന്നുവെന്ന് ചിത്രീകരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളിക്ക് കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയും ശ്രീനാരായണഗുരു റിട്ടയേർഡ് ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നൽകിയ സ്നേഹാദരവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ സംസ്ഥാന ബഡ്ജറ്റിൽ കോടിക്കണക്കിന് രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ചത്. ചില പ്രത്യേക സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏറെ ലഭിക്കും. ആ സ്ഥാപനങ്ങൾക്ക് ശമ്പളം നൽകുന്നത് ട്രഷറിയിൽ നിന്നാണ്. അർഹമായ പങ്കാളിത്തം നമുക്കും ലഭിക്കാത്തത് അനീതിയാണെന്ന് താൻ പറയും.
സമുദായം തന്ന കസേരയിലാണ് താൻ ഇരിക്കുന്നത്. ഈ കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് പോകാൻ രാഷ്ട്രീയ മോഹമില്ല. കസേര തന്നവർക്ക് വേണ്ടി പറയാനുള്ള ബാദ്ധ്യത തനിക്കുണ്ട്. നമുക്ക് പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. മലപ്പുറത്ത് നിന്ന് മുസ്ലീങ്ങൾക്കെതിരെ പറഞ്ഞാൽ തന്റെ പെടലി പോകുമെങ്കിൽ പോകട്ടേ. താൻ പറയുന്ന സമുദായത്തിന്റെ സങ്കടം കേട്ട് അതിൽ ശരിയുണ്ടെങ്കിൽ പരിഹരിക്കുകയല്ലേ വേണ്ടതെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |